മോസ്കോ: ക്യാൻസറിനെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വാക്സിനുകൾ ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാമിഡർ പുട്ടിൻ അറിയിച്ചു. വാക്സിനുകൾ അല്ലെങ്കിൽ ഇമ്മ്യൂണോ മോഡുലേറ്ററി മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കുന്ന നടപടികൾ ശാസ്ത്രജ്ഞൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അധികം വൈകാതെ തന്നെ വ്യക്തിഗത ചികിത്സാ രീതികളിൽ ഇവ ഉപയോഗിക്കുന്നതാണ്. അതേസമയം, ഏതുതരത്തിലുള്ള ക്യാൻസറിനെതിരെയാണ് വാക്സിൻ വികസിപ്പിച്ചെന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുട്ടിൻ പുറത്തുവിട്ടിട്ടില്ല.
ലോകത്ത് നിരവധി കമ്പനികൾ ഇതിനോടകം തന്നെ ക്യാൻസറിനെതിരെ വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. വ്യക്തിഗത ക്യാൻസർ ചികിത്സകൾ ലഭ്യമാക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ ജർമ്മനി ആസ്ഥാനമായുള്ള ബയോഎൻടെക്കുമായി യുകെ സർക്കാർ കഴിഞ്ഞ വർഷം കരാറിൽ ഒപ്പിട്ടിരുന്നു. മെഡേണ അടക്കമുള്ള നിരവധി ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനികളാണ് ക്യാൻസറിനെതിരെ വാക്സിൻ വികസിപ്പിക്കുന്നത്. സർവിക്കൽ ക്യാൻസർ ഉൾപ്പെടെ നിരവധി അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരെയും, കരൾ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബിക്കെതിരെയും പ്രവർത്തിക്കുന്ന ചുരുക്കം ചില വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടന അനുമതി നൽകിയിട്ടുണ്ട്.