കോവിഡ് മൂലം ലോകമെമ്പാടുമുള്ള ആളുകളുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം 1.6 വർഷം കുറഞ്ഞെന്ന് ഗവേഷകർ


കഴിഞ്ഞ നാല് വർഷമായി കോവിഡ് വൈറസ് ബാധ ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, പലതരം വാക്സിനുകൾ മൂലം ഇതിനെ ഒരു പരിധി വരെ പിടിച്ചു നിർത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് ബാധ മൂലം പല ആരോഗ്യപ്രശ്നങ്ങളും പലരിലും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ മാനവരാശിയെ ആകമാനം ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

അടുത്തിടെ, കോവിഡിനെക്കുറിച്ച്‌ ലാൻസെറ്റ് നടത്തിയ പഠനം പുറത്തുവന്നിരുന്നു. അതില്‍ ലോകമെമ്പാടുമുള്ള ആളുകളുടെ ശരാശരി ആയുർദൈർഘ്യം കോവിഡ് പകർച്ചവ്യാധി കാരണം ഏകദേശം 1.6 വർഷം കുറഞ്ഞെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആഗോള ആയുർദൈർഘ്യം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കോവിഡിന്റെ വരവോടെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു.

രോഗമുക്തരായവരില്‍ കോവിഡ് വൈറസിന്റെ അംശങ്ങള്‍ ഒരു വർഷത്തിലേറെയായി കാണപ്പെടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ, കോവിഡ് ബാധിച്ചവരില്‍ ഹൃദയം, ശ്വാസകോശം, മസ്തിഷ്കം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ദീർഘനാളായി കാണപ്പെടുന്നുണ്ട്. കോവിഡിൻ്റെ ദീർഘകാല പ്രത്യാഘാതങ്ങള്‍ ഇപ്പോഴും രോഗികളില്‍ ദൃശ്യമാണ്. അതിൻ്റെ ഫലങ്ങള്‍ മിക്കവാറും എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ കാണപ്പെടുന്നുണ്ട്.

കോവിഡ് കാലത്ത് 15 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ മരണ നിരക്ക് 22 ശതമാനം വർദ്ധിച്ചു. സ്ത്രീകളില്‍ ഈ എണ്ണം 17% ആയി ഉയർന്നു. 2020 നും 2021 നും ഇടയില്‍ 13.1 കോടി ആളുകള്‍ മരിച്ചു. ഇവരില്‍ 1.6 കോടി മരണങ്ങളും കോവിഡ് കാരണമാണ്. സംഭവിച്ചിരിക്കുന്നത്. 2019-നെ അപേക്ഷിച്ച്‌ 2021-ല്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറഞ്ഞു എന്നത് മാത്രമാണ് ആശ്വാസകരമായ ഒരേയൊരു കാരണം.

2019നെ അപേക്ഷിച്ച്‌ 2021ല്‍ അഞ്ച് വയസ്സിന് താഴെയുള്ള അഞ്ച് ലക്ഷത്തോളം കുട്ടികളാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ലോകമെമ്പാടുമുള്ള കോവിഡ് പകർച്ചവ്യാധി കാരണം വിവിധ രാജ്യങ്ങളില്‍ ആരോഗ്യ സംബന്ധമായ നിരവധി പ്രശ്നങ്ങള്‍ ഉയർന്നുവന്നിട്ടുണ്ട്.