കനത്ത മഴ, 33 മരണം, വീടുകള്‍ തകര്‍ന്നു: അഫ്ഗാനില്‍ കനത്ത നാശനഷ്ടം


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 33 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ വക്താവ് ഞായറാഴ്ച അറിയിച്ചു. തലസ്ഥാനമായ കാബൂളിലും നിരവധി പ്രവിശ്യകളിലും വെള്ളപ്പൊക്കം ഉണ്ടായതായി പ്രകൃതി ദുരന്ത നിവാരണ മന്ത്രാലയത്തിന്റെ താലിബാന്‍ വക്താവ് അബ്ദുല്ല ജനന്‍ സെയ്ഖ് പറഞ്ഞു. 200 ഓളം കന്നുകാലികള്‍ ചത്തു.

600-ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, നിരവധി വീടുകള്‍ തകര്‍ന്നു. 800 ഹെക്ടര്‍ കൃഷി നാശവും 85 കിലോമീറ്ററിലധികം റോഡുകള്‍ തകരുകയും ചെയ്തു. പടിഞ്ഞാറന്‍ ഫറാ, ഹെറാത്ത്, തെക്കന്‍ സാബുള്‍, കാണ്ഡഹാര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.