യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് റിയാലിറ്റി ഷോയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ്: ട്രംപ് കുറ്റക്കാരനെന്ന് കോടതി


ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബിസിനസ് വഞ്ചന കേസില്‍ കുറ്റക്കാരനെന്ന് കോടതി. ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വിധിച്ചു.

പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമായിരുന്നു ട്രംപിനെതിരായ കേസ്.

ട്രംപ് കുറ്റക്കാരനെന്ന് ഏകകണ്ഠമായാണ് ന്യൂയോര്‍ക്ക് ജൂറി വിധിച്ചത്. ജൂലൈ 11നായിരിക്കും കേസില്‍ ശിക്ഷ വിധിക്കുക.

അതേസമയം, കേസ് കെട്ടിചമച്ചതെന്ന് ട്രംപ് പ്രതികരിച്ചു. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്റെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണെന്നും താന്‍ നിരപരാധിയാണെന്നും ട്രംപ് പറഞ്ഞു.

നേരത്തേ ഡൊണാള്‍ഡ് ട്രംപുമായി 2006-ലുണ്ടായ ലൈംഗികസമാഗമം വിശദമായി കോടതിയില്‍ സ്റ്റോമി ഡാനിയല്‍സ് വിവരിച്ചിരുന്നു. സ്റ്റോമിയുമായുള്ള ഈ ബന്ധം മറച്ചുവെക്കാന്‍ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളര്‍ സ്റ്റോമിക്കു നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി എന്നുമാണ് കേസ്.