സ്വവര്‍ഗരതി, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സ്ത്രീകളെ ചാട്ടവാറിനടിച്ചു: അഫ്ഗാനില്‍ നടക്കുന്നത് കൊടുംക്രൂരത


കാബൂള്‍: സ്ത്രീകള്‍ ഉള്‍പ്പെടെ 60ലധികം ആളുകള്‍ക്ക് പരസ്യമായി ചാട്ടവാറ് കൊണ്ട് അടിച്ച് ശിക്ഷ നടപ്പാക്കി താലിബാന്‍. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ സാരി പുല്‍ പ്രവിശ്യയിലാണ് സംഭവം. സംഭവത്തെ അഫ്ഗാനിലെ യുഎന്‍ അസിസ്റ്റന്‍സ് മിഷന്‍ ശക്തമായി അപലപിച്ചു.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും, ഇത്തരത്തിലുള്ള ശാരീരിക ശിക്ഷാ നടപടി അംഗീകരിക്കാനാകുന്നതല്ലെന്നും യുഎന്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. സ്വവര്‍ഗരതി, മോഷണം, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് 14 സ്ത്രീകള്‍ ഉള്‍പ്പെടെ 63 പേര്‍ക്കെതിരെ ശിക്ഷ നടപ്പാക്കിയത്. പ്രദേശത്തെ ഒരു സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വച്ച് പരസ്യമായിട്ടാണ് കുറ്റം ആരോപിക്കപ്പെട്ടവരെ ചാട്ടവാറിന് അടിച്ചത്. ശിക്ഷ നടപ്പാക്കിയെന്ന കാര്യം താലിബാന്‍ സുപ്രീംകോടതിയും സ്ഥിരീകരിച്ചിട്ടുണ്ട്.

2021ല്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ താലിബാന്‍ പരസ്യ വധശിക്ഷ, ചാട്ടവാറടി, കല്ലേറ്, തുടങ്ങിയ ശിക്ഷാനടപടികള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും വ്യഭിചാര കുറ്റം ചുമത്തപ്പെട്ട് വടക്കന്‍ പെഞ്ച്ഷെറിലും ഒരു സ്ത്രീയേയും പുരുഷനേയും പരസ്യമായി ചാട്ടവാറിന് അടിച്ച് ശിക്ഷ നല്‍കിയിരുന്നു. ഈ വര്‍ഷം ആദ്യം പരസ്യ വധശിക്ഷ നടപ്പാക്കിയതും താലിബാനെതിരെ ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നതിന് കാരണമായിരുന്നു. സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ കുറ്റാരോപിതനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.