ഷാർജ: ബലിപ്പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ യുഎഇയിൽ ആടുമാടുകളുടെ വിപണി സജീവം. പെരുന്നാളിനോടനുബന്ധിച്ച് ബലിയറുക്കാനാണ് ആളുകൾ ആടിനെ വാങ്ങുന്നത്. ഇന്ത്യയിൽ നിന്നും സോമാലിയയിൽ നിന്നുമുള്ള ആടുകളാണ് യുഎഇയിലെ വിപണികളിൽ കൂടുതലായും എത്തുന്നത്. സൗദിയിൽ നിന്നും സിറിയയിൽ നിന്നും ഇവിടേക്ക് ആടുകൾ എത്തുന്നുണ്ട്. പെരുന്നാൾ ദിവസം പുലർച്ചെ ആടുമാടുകളെ അറുത്ത് മാംസം പാവങ്ങൾക്കും ബന്ധുമിത്രാദികൾക്കും നൽകുന്നത് യുഎഇയിലെ പതിവാണ്.
സാധാരണഗതിയിൽ ഇന്ത്യയിൽ നിന്നും കപ്പൽ മാർഗമാണ് ആടുകളെ യുഎഇയിൽ എത്തിച്ചിരുന്നത്. എന്നാൽ, ചൂട് കനത്തതോടെ കപ്പലിൽ ആടുകളെ കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യമാണ്. അതിനാൽ എയർ കാർഗോയിലാണ് ഇന്ത്യൻ ആടുകൾ എമിറേറ്റുകളിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ വിലയും ഇത്തിരി കൂടുതലാണ്. 32 കിലോ ഭാരമുള്ള ഒരു ഇന്ത്യൻ ആടിന് 2000 ദിർഹത്തോളം വില നൽകണം. അതായത് നാൽപ്പത്തയ്യായിരം ഇന്ത്യൻ രൂപയോളം നൽകിയാലേ ഒരു ആടിനെ വാങ്ങാൻ കഴിയൂ.
ഇന്ത്യൻ ആടുകളെ മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങുന്ന പതിവും യുഎഇയിലുണ്ട്. പെരുന്നാൾ തലേന്ന് വില കുതിച്ചുയരും എന്നതും ആടിനെ കിട്ടാനുണ്ടാകില്ല എന്നതുമാണ് എമിറാത്തികളെ മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകം. വില കുറഞ്ഞിരിക്കും എന്നതിനാൽ പ്രവാസികളും ആടുകളെയും കാളകളെയും പെരുന്നാളിന് മുന്നേതന്നെ വാങ്ങി സൂക്ഷിക്കുകയാണ് പതിവ്.
സ്വദേശികൾ കഴിഞ്ഞാൽ ബംഗ്ലാദേശികളാണ് യുഎഇ വിപണിയിൽ ഏറ്റവുമധികം മൃഗങ്ങളെ ബലിയറുക്കുന്നത്. പത്തോളം ബംഗ്ലാദേശ് സ്വദേശികൾ ചേർന്ന് ഒരു ആടിനെ വാങ്ങി ബലിയറുക്കുന്നു. സ്വദേശികൾ ബലി മാംസം ചുറ്റുവട്ടത്തെ പാവങ്ങൾക്ക് വിതരണം ചെയ്യുകയോ അധികൃതരെ ഏൽപിക്കുകയോ ആണ് പതിവ്. ഇന്ത്യക്കാരും മറ്റു രാജ്യക്കാരും ഹജ്ജിനോടനുബന്ധിച്ചുള്ള ബലിതർപ്പണം ഗൗരവമായി കാണുന്നു.
ഇന്ത്യ, സൊമാലിയ, സൗദി, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ആടുകളാണ് യുഎഇ വിപണിയിലെ മുഖ്യ ഇനങ്ങൾ. നേരത്തെ പാക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ആടുകളെത്തിയിരുന്നു. വില കൂടുതലാണെങ്കിലും ഇന്ത്യൻ ആടുകൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ വർഷത്തേയ്ക്കാൾ വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 32 കിലോ ഗ്രാം തൂക്കംവരുന്ന ഇന്ത്യൻ ആടിന് 2000 ദിർഹമാണ് വില. ഇന്ത്യൻ ആടുപോലെ തന്നെ രുചികരമായ മാംസമുള്ള സൊമാലിയൻ ആടിന് വലുപ്പമനുസരിച്ച് 500 മുതൽ 800 ദിർഹം വരെ വിലയുണ്ട്.
30 മുതൽ 40 കിലോ വരെ തൂക്കം വരുന്ന നയിമി വിഭാഗത്തിൽപ്പെടുന്ന സൗദി ആട് ഒന്നിന് ആയിരം മുതൽ രണ്ടായിരം ദിർഹം വരെയാണ് വില. നല്ല നെയ്യുള്ള, ഖറൂഫ് വിഭാഗത്തിൽപ്പെടുന്ന സൊമാലിയൻ ആടുകളോട് സുഡാനികൾക്കും ഈജിപ്ത് സ്വദേശികൾക്കുമാണ് ഇഷ്ടക്കൂടുതൽ. നയീമി, സൂരി (ഇൗജിപ്ത്) ആടുകൾക്കും വില കൂടുതൽ തന്നെ. പിന്നിൽ നെയ്യുള്ള വിഭാഗത്തിൽപ്പെട്ടതാണ് സൂരി. ഇത് ഒരെണ്ണം 200 കിലോ ഗ്രാം വരെ തൂക്കം വരും. യുഎഇ, ഇറാൻ, സുഡാൻ ആടുകൾക്ക് താരതമ്യേന കുറഞ്ഞ വില നൽകിയാൽ മതി.
ഈ മാസം 16 നാണ് യുഎഇയിലടക്കം ഗൾഫിൽ ബലി പെരുനാൾ. എന്നാൽ ഒമാനിൽ 17നാണ് ആഘോഷിക്കുക.