ടി20 ലോകകപ്പിലെ മോശം പ്രകടനം, താരങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ്


ഇസ്ലാമബാദ്: ലോകകപ്പിലെ മോശം പ്രകടനത്തില്‍ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ്. വാര്‍ഷിക കരാറില്‍ മാറ്റം വരുത്താനും, പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ചുമാണ് പിസിബി ചിന്തിക്കുന്നത്. മുന്‍ പിസിബി ചെയര്‍മാന്‍ സാക്ക അഷ്റഫിന്റെ കാലത്ത് നടപ്പാക്കിയ വാര്‍ഷിക കരാറാണ് പുനഃപരിശോധിക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം നിലവിലെ ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിക്ക് ലഭിച്ചതായാണ് വിവരം.

കടുത്ത തീരുമാനം എടുക്കാന്‍ തീരുമാനിച്ചാല്‍ കളിക്കാരുടെ പ്രതിഫലം, മാച്ച് ഫീ, വാര്‍ഷിക കരാര്‍ എന്നിവയിലെല്ലാം മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ട്. ബോര്‍ഡ് അംഗങ്ങളും ചെയര്‍മാനും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. ടീമില്‍ വലിയ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്ന് ലോകകപ്പിനിടെ ചെയര്‍മാന്‍ പാക് മാദ്ധ്യമങ്ങളോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ടി-20 ലോകകപ്പ് കിരീടം നേടിയാല്‍ ഒരു ലക്ഷം ഡോളര്‍ വീതം സമ്മാനമായി നല്‍കുമെന്ന് പിസിബി ചെയര്‍മാന്‍ ടൂര്‍ണമെന്റിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ തോറ്റത്തിന് പിന്നാലെ ടീമില്‍ മാറ്റങ്ങള്‍ വരുമെന്നും പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സമയമായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.