ഒളിമ്പിക്സ് 2024: ഇന്ത്യന്‍ ടീമിന് ഇത്തവണ 10 മെഡലുകളിൽ പ്രതീക്ഷ


പാരിസ്: ഒളിംപിക്‌സിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്‌സ് നടക്കുന്നത്. ഇന്ത്യന്‍ ടീം ഇത്തവണ സജീവ പ്രതീക്ഷയിലാണ്. ചൈനയും അമേരിക്കയും ജപ്പാനുമെല്ലാം കസറുന്ന ഒളിംപിക്‌സ് വേദിയില്‍ ടോപ് അഞ്ചിനുള്ളില്‍ ഇടം പിടിക്കാനാവും ഇന്ത്യ ശ്രമിക്കുക. lമികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ള നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

മെഡൽ പ്രതീക്ഷയുള്ള ഒന്നാമത്തെ താരം നീരജ് ചോപ്രയാണ്. സ്വര്‍ണ്ണ മെഡലില്‍ കുറഞ്ഞൊന്നും നീരജിന്റെ ജാവലില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടാന്‍ നീരജിനായിരുന്നു. ഇത്തവണ മികച്ച ഫിറ്റ്‌നസോടെ ഇറങ്ങുന്ന നീരജ് ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ നേടിത്തരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

രണ്ടാമത്തെ താരം വിനേഷ് ഫൊഗാട്ടാണ്. ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് വിനേഷ്. ഇതുവരെ ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടില്ലെങ്കിലും ഇത്തവണ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്ന താരമാണ് വിനേഷ്.ബാഡ്മിന്റണില്‍ പിവി സിന്ധുവില്‍ നിന്ന് ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു. 28കാരിയായ സിന്ധു ഇതിനോടകം രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടിയിട്ടുണ്ട്. 2016ലെ റിയോ ഒളിംപിക്‌സില്‍ വെള്ളിയും 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലവും നേടിയ സിന്ധു ഇത്തവണയും മെഡല്‍ നേടിക്കൊടുക്കുമെന്ന് തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

സിഫ്റ്റ് കൗര്‍ സമാറയാണ് മറ്റൊരു താരം. ഷൂട്ടിങ്ങില്‍ മത്സരിക്കുന്ന സമാറ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ്. 50 മീറ്റര്‍ റൈഫിളിലാണ് സിഫ്റ്റ് കൗര്‍ സമാറ മത്സരിക്കുന്നത്. ഇത്തവണ ഇന്ത്യക്ക് മെഡല്‍ ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള താരമാണ് സമാറ. ചിരാഗ് ഷെട്ടിയും സത്‌വിക്‌സായിരാജ് റാങ്കിറെഡ്ഡിയുമാണ് മറ്റ് രണ്ട് പേര്‍. ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇരുവര്‍ക്കും ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ട്. ഒന്നാം നമ്പര്‍ സ്ഥാനത്തിരുന്ന ഇരുവരും നിലവില്‍ മൂന്നാം സ്ഥാനത്താണ്.

ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമെല്ലാം കിരീടം നേടിയ കൂട്ടുകെട്ടാണിത്. ഇതുവരെ ഒളിംപിക്‌സ് മെഡല്‍ നേടാനായിട്ടില്ലെങ്കിലും ഇത്തവണ ഇരുവരിലും ഇന്ത്യ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷവെക്കുന്നു. മറ്റൊരു താരം ഇന്ത്യയുടെ പുരുഷ ഹോക്കി ടീമാണ്. ഒളിംപിക്‌സില്‍ എട്ട് തവണ മെഡല്‍ നേടിയിട്ടുള്ള ടീമാണ് ഇന്ത്യയുടെ പുരുഷ ഹോക്കി ടീം.

ശക്തമായ താരനിരയുള്ള ഇന്ത്യ ഇത്തവണ ഹോക്കിയില്‍ മെഡല്‍ നേടാന്‍ സാധ്യത കൂടുതലാണ്. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീമിന് ഇത്തവണ മെഡല്‍ നേടാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. നിഖാത്ത് സെറീനാണ് മറ്റൊരു താരം. ബോക്‌സറായ സെറീന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ നേടിയ താരമാണ്.

എന്നാല്‍ ഒളിംപിക്‌സില്‍ ഇതുവരെ മെഡല്‍ നേടാനായിട്ടില്ല. ഇത്തവണ മെഡല്‍ നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരിലൊരാളാണ് സെറീന്‍. മീരാബായ് ചാനുവാണ് മറ്റൊരു താരം. ഭാരോദ്വഹനത്തില്‍ ഇന്ത്യ ഇത്തവണയും മീരാബായിയില്‍ പ്രതീക്ഷവെക്കുന്നു. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് മീരാബായി. 29കാരിയായ മീരാബായിക്ക് ഇത്തവണയും മെഡല്‍ നേട്ടം ആവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കാം.

അതിഥി അശോകാണ് മറ്റൊരു താരം. ഗോള്‍ഫ് താരമായ അതിഥി ഇത്തവണ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഇത്തവണയും പ്രതീക്ഷ നല്‍കുന്നു.