ലണ്ടന്‍: ബ്രിട്ടനില്‍ 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്പന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി. 650 അംഗ പാര്‍ലമെന്റില്‍ നാനൂറിലേറെ സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി നേടിയത്. കെയ്ര്‍ സ്റ്റാര്‍മര്‍ ആണ് പുതിയ പ്രധാനമന്ത്രി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ്
പാര്‍ട്ടിക്ക് ഉണ്ടായത്.
ഈ നിമിഷം മുതല്‍ മാറ്റം ആരംഭിക്കുന്നു, മാറ്റത്തിനായി പൊരുതിയവര്‍ക്ക് നന്ദി. വമ്പന്‍ വിജയം അറിഞ്ഞ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. സ്റ്റര്‍മാരുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി നേടിയത് ബ്രിട്ടന്റെ ചരിത്രത്തിലെ ഉജ്ജ്വല വിജയങ്ങളില്‍ ഒന്നാണ്. സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റവും ആരോഗ്യമേഖലയും മുഖ്യ ചര്‍ച്ചാവിഷയങ്ങളായ തെരഞ്ഞെടുപ്പില്‍ ഋഷി സുനകിന്റെയും കണ്‍സര്‍വേറ്റിവ് സര്‍ക്കാരിന്റെയും നയങ്ങള്‍ ജനം പാടെ തള്ളുകയായിരുന്നു.
അഞ്ചുകോടി വോട്ടര്‍മാര്‍ 650 പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്ത ജനവിധിയില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സീറ്റുകള്‍ പോലും ലേബര്‍ പാര്‍ട്ടി പിടിച്ചെടുത്തു. ഒട്ടേറെ മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് നേതാക്കള്‍ പരാജയം രുചിച്ചു. ഋഷി സുനക്കിന് റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് നിലനിര്‍ത്താനായി എന്നത് മാത്രമാണ് ആശ്വാസം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഋഷി സുനക് പ്രതികരിച്ചു.
അതിനിടെ, നിയുക്ത പ്രധാനമന്ത്രി കെയര്‍ സ്റ്റര്‍മാരെ ഋഷി സുനക് ഫോണില്‍ അഭിനന്ദനം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍ വംശജനും ഹിന്ദു മത വിശ്വാസിയും എന്ന വിശേഷണത്തോടെ ആണ് സുനക് പടിയിറങ്ങുന്നത്. 2022 ഒക്ടോബറില്‍ ലിസ് ട്രസ് രാജിവെച്ചപ്പോള്‍ ആണ് അദ്ദേഹം ബ്രിട്ടന്റെ അധികാര കസേരയില്‍ എത്തിയത്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള തീവ്ര വലതുപാര്‍ട്ടിയായ റിഫോമ് യുകെ ഉണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റം ആണ് ഇത്തവണത്തെ ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റൊരു പ്രത്യേകത. തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധ നേടിയ റിഫോമ് യുകെ നേതാവ് നൈജര്‍ ഫറാഷ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു.