ഇറാന്‍ തീവ്ര മതചിന്തയില്‍ നിന്ന് മാറുന്നു? പുരോഗമനവാദിയായ മസൂദ് പെസഷ്‌കി ഇറാന്‍ പ്രസിഡന്റ്


ടെഹ്‌റാന്‍: പുരോഗമനവാദിയായ മസൂദ് പെസഷ്‌കി ഇറാന്‍ പ്രസിഡന്റ്. തീവ്ര മതവാദിയായ സയീദ് ജലീലിയെ പരാജയപ്പെടുത്തിയാണ് മസൂദ് ഇറാന്റെ പ്രസിഡന്റാകുന്നത്.

കാര്‍ഡിയാക് സര്‍ജനായ മസൂദ് പെസഷ്‌കി വര്‍ഷങ്ങളായി ഇറാന്‍ നിയമ നിര്‍മാണ സഭയിലെ അംഗമാണ്. ആഗോളതലത്തില്‍ വരുന്ന മാറ്റം രാജ്യത്തും പ്രതിഫലിക്കണമെന്ന് നിലപാടുകാരനാണ് അദ്ദേഹം. അതിനാല്‍ എന്നും ആഭ്യന്തര- അന്തര്‍ദേശീയ പരിഷ്‌കാരങ്ങളെ പിന്തുണച്ചിട്ടുണ്ട്. മുന്‍ഗാമികളുടെ തീവ്രമതനിലാപടുകളോട് പരസ്യമായി എതിര്‍പ്പും നിരവധി തവണ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകളോടും ആശയങ്ങളോടുമുള്ള ഇറാന്‍ ജനതയുടെ ഐക്യദാര്‍ഢ്യമായാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തല്‍

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെപ്പോലെ പാശ്ചാത്യശക്തികളുടെ കടുത്തവിമര്‍ശകനാണ് അന്തരിച്ച മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിം. മതനേതൃത്വത്തിന്റെ അനുമതിയോടെ റെയ്‌സി നടപ്പാക്കിയ കര്‍ശനമായ ഹിജാബും പാതിവ്രത്യവും ഇറാനെ പ്രക്ഷുബ്ധമാക്കിയിരുന്നു. പ്രക്ഷോഭം മാസങ്ങളോളം നീണ്ടെങ്കിലും മതഭരണകൂടത്തെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തെ റെയ്‌സിയുടെ സര്‍ക്കാര്‍ അമര്‍ച്ച ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്.