സ്ത്രീകളുടെ ശരീരഭാ​ഗങ്ങൾ കൊത്തിനുറുക്കുന്നത് ഹരം: രണ്ടു വർഷത്തിനിടെ കൊലപ്പെടുത്തിയത് സ്വന്തം ഭാര്യയുൾപ്പെടെ 42 യുവതികളെ


കഴിഞ്ഞ ദിവസം കെനിയയിലെ നെയ്റോബിയിൽ പിടിയിലായ സീരിയൽ കില്ലറിനെ കുറിച്ച് പൊലീസ് പുറത്തുവിടുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. രണ്ടു വർഷത്തിനിടെ ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത് സ്വന്തം ഭാര്യ ഉൾപ്പെടെ 42 യുവതികളെയാണ്. കൊല്ലപ്പെട്ടവർ 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണെന്നും എല്ലാവരും ഒരേ രീതിയിലാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതശരീരങ്ങൾ വെട്ടിനുറുക്കിയാണ് ഇയാൾ മറവുചെയ്തിരുന്നത്.

മുപ്പത്തിമൂന്നുകാരനായ കോളിൻസ് ജുമൈസിയെ തിങ്കളാഴ്ച്ചയാണ് ഒരു ബാറിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്തത്. ജുമൈസിയുടെ താമസസ്ഥലത്തിന് സമീപത്തെ ക്വാറിയിൽ നിന്ന് 9 മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. എന്നാൽ, ഇതിലേറെ മൃതദേ​​ഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് തെരച്ചിലിൽ ഏർപ്പെടുന്ന പ്രദേശവാസികൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത കൊടുംകുറ്റവാളിയാണ് കോളിൻസ് ജുമൈസിയെന്നാണ് പൊലീസ് പറയുന്നത്.

വെട്ടിമുറിച്ച് നശിപ്പിച്ച സ്ഥിതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 2022ന് ശേഷം 42 സ്ത്രീകളെ കൊലപ്പെടുത്തിയതായി ഇയാൾ പൊലീസിനോട് വിശദമാക്കിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒരു ബാറിലിരുന്ന് യൂറോ കപ്പ് ഫൈനൽ കാണുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലാവുന്നത്. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ക്വാറിയിൽ നിന്ന് വെള്ളിയാഴ്ചയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയും ഒരു സ്ത്രീയെ കൊലപ്പെടുത്തിയതായാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.

പല രീതിയിൽ വശീകരിച്ചുകൊണ്ട് വന്ന് കൊലപ്പെടുത്തി വെട്ടിമുറിച്ച് മൃതദേഹങ്ങൾ ക്വാറിയിൽ തള്ളിയെന്നാണ് ഇയാൾ വളരെ നിസാരമായി പൊലീസിനോട് വിശദമാക്കിയിട്ടുള്ളതെന്നാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ മേധാവി മൊഹമ്മദ് അമീൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ 42 സ്ത്രീകളെ 2022 മുതൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതെ എങ്ങനെ കൊന്നു തള്ളിയെന്നാണ് പരിസരവാസികൾ ചോദിക്കുന്നത്.

ഇയാളുടെ താമസ സ്ഥലത്തിന് വെറും നൂറ് മീറ്റർ അകലെയായിരുന്നു ക്വാറിയുണ്ടായിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് പത്ത് ഫോണുകളും ലാപ്ടോപ്പുകളും നിരവധി തിരിച്ചറിയൽ കാർഡുകളും സ്ത്രീകളുടെ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരകൾ ആക്കപ്പെട്ടവരുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കാൻ ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന വലിയ കത്തിയും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഴുകി നശിക്കലിന്റെ പല രീതിയിലുള്ളതാണ് കണ്ടെത്തിയ മൃതദേഹഭാഗങ്ങളിൽ പലതും.

കൊലപാതക കാരണം കണ്ടെത്താനായി ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൊവ്വാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇരകളിലൊരാളുടെ മൊബൈൽ ഫോൺ വിവരങ്ങളിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.