മൈക്രോസോഫ്റ്റ് സാങ്കേതിക തകരാര്‍ പരിഹരിക്കാനായില്ല, ലോകം സ്തംഭിച്ചു: പലയിടത്തും പ്രശ്‌നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്
ടെക്‌സസ്: മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്‌സ്‌ട്രൈക്ക് സോഫ്റ്റ്വെയറിന്റെ തകരാര്‍ മൂലം സംഭവിച്ച പ്രതിസന്ധിക്ക് ഇനിയും അയവ് വന്നിട്ടില്ലെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധി ഉടലെടുത്ത് 30 മണിക്കൂര്‍ പിന്നിട്ടിട്ടും പലയിടത്തും പ്രശ്‌നങ്ങള്‍ തുടരുകയാണ്. അതേസമയം മൈക്രോസോഫ്റ്റിന് സംഭവിച്ച തകരാര്‍ ലോകത്ത് സംഭവിച്ചതില്‍ വച്ച് ഏറ്റവും വലിയ ഐടി സ്തംഭനമാണെന്ന് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: കുവൈറ്റില്‍ ഫ്‌ളാറ്റില്‍ തീപിടിത്തം: നാലംഗ മലയാളി കുടുംബം ശ്വാസം മുട്ടി മരിച്ചു
വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് ക്രൗഡ്‌സ്‌ട്രൈക്കുമായി ബന്ധപ്പെട്ട ഫാല്‍ക്കണ്‍ സെന്‍സറുകളുള്ള വിന്‍ഡോസ് കംപ്യൂട്ടറുകള്‍ നിശ്ചലമായത്. ഇതില്‍ സംഭവിച്ച പുതിയ അപ്‌ഡേറ്റ് കാരണമാണ് വിന്‍ഡോസ് പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ലോകവ്യാപകമായി വിമാനത്താവളങ്ങളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങളെ തകരാര്‍ ബാധിക്കുകയായിരുന്നു. ഓഹരി വിപണികള്‍, അവശ്യ സേവനങ്ങള്‍ തുടങ്ങി മൈക്രോസോഫ്റ്റ് പ്രതിസന്ധി ബാധിച്ച മേഖലകള്‍ നിരവധിയാണ്. ലോകമാകെ ആയിരക്കണക്കിന് വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.