ഇസ്രായേലിനെതിരെ യുദ്ധം തന്നയാണ് പ്രതിവിധിയെന്ന് ഇറാന്‍: അമേരിക്കയുടേയും അറബ് രാജ്യങ്ങളുടേയും മധ്യസ്ഥ ശ്രമങ്ങള്‍ തള്ളി


ടെല്‍അവീവ്: ഇസ്രായേലിനെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയതിന് പിന്നാലെ സംഘര്‍ഷം കുറയ്ക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങള്‍ നടത്താന്‍ ശ്രമിച്ച അമേരിക്കയുടേയും അറബ് രാജ്യങ്ങളുടേയും നീക്കങ്ങള്‍ തള്ളി ഇറാന്‍.

ടെഹ്റാനില്‍ ഉണ്ടായ ആക്രമണത്തില്‍ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന്‍ ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കിയത്.

അറബ് രാജ്യങ്ങളില്‍ നിന്നും പോരാട്ടം ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്നും, ഇതിന് തുടര്‍ച്ചയായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. ഇറാന് പുറമെ ഹിസ്ബുള്ളയും ഇസ്രായേലിനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം യുദ്ധത്തിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് പൗരന്മാരോട് ലെബനന്‍ വിടണമെന്ന് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

ഇതിനിടയിലാണ് സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്നത്. അമേരിക്കയ്ക്ക് പുറമെ യുകെ, സ്വീഡന്‍, ഫ്രാന്‍സ്, കാനഡ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനന്‍ വിടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ പല ഭാഗങ്ങളിലും ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങള്‍ കടുപ്പിച്ചിരുന്നു. അതേസമയം തങ്ങള്‍ക്കെതിരായ ഏതൊരു നീക്കത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന നിലപാട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. തിന്മയുടെ മുഖങ്ങള്‍ക്കെതിരെ ഇസ്രായേല്‍ പോരാടുകയാണെന്നും നെതന്യാഹു പറഞ്ഞു.