ധാക്ക: ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിനെ നോബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായി ഡോ. മുഹമ്മദ് യുനൂസ് നയിക്കും. പ്രസിഡന്റുമായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നാലെ രാജിവെച്ച പ്രധാനമന്ത്രി ഷേയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ തുടരുകയാണ്.
രാജിവെച്ചതിന് പിന്നാലെ ബ്രിട്ടിനിലേക്ക് കടക്കാനിരുന്ന ഷേയ്ഖ് ഹസീനയ്ക്ക് രാജ്യം അഭയം നിഷേധിച്ചിരുന്നു. അതിനിടെ രാജ്യംവിടാനൊരുങ്ങിയ രണ്ട് മുന്‍ മന്ത്രിമാരെ അധികൃതര്‍ ധാക്കാ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. അതേസമയം ബംഗ്ലാദേശ് വിഷയത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി പാര്‍ലമെന്റില്‍ ഇന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ അടക്കം സുരക്ഷാ വിഷയത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ വേണമെന്ന് ആവശ്യപ്പെടും.
കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യ മുന്നണി ഘടകകക്ഷികള്‍ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുക. ഷേയ്ഖ് ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഉള്ളത്. രാഷ്ട്രീയ അഭയത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നത് വരെ ഹസീന ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ തുടരും. സഹോദരി രെഹാനയ്ക്ക് യു.കെ. പൗരത്വമുണ്ട്. ഇവര്‍ ഹസീനയ്ക്കു മുമ്പേ ഇന്ത്യ വിട്ടേക്കും.