പുതിയ തലവനെ പ്രഖ്യാപിച്ച് ഹമാസ്, മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം


ജെറുസലെം: ഗാസ മുനമ്പ് മേധാവി യഹിയ സിന്‍വാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ഇസ്മായില്‍ ഹനിയയുടെ കഴിഞ്ഞ ആഴ്ച ടെഹ്റാനില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സിന്‍വാറിനെ തലവനായി തെരഞ്ഞെടുത്തത്. ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റ് ഹമാസ് നേതാവ് യഹ്യ സിന്‍വാറിനെ പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനായി തെരഞ്ഞെടുത്തതായി ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്ക് ശേഷം, ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തതായി ഹമാസിന്റെ സായുധ വിഭാഗം എസെദീന്‍ അല്‍-ഖസ്സാം പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളാണ് സിന്‍വാറെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇറാനിലെ ടെഹ്റാനില്‍ ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പാണ് ഹമാസിന്റെ പുതിയ മേധാവിയെ നിയമിച്ചത്. ഹനിയയുടെ കൊലപാതകത്തില്‍ ഇറാനും ഹമാസും ഇസ്രായേലിനെതിരെ രംഗത്തെത്തിയിരുന്നു.