മുടി വെട്ടാതെ സ്‌കൂളിലെത്തി, സ്‌കൂള്‍ ചട്ടം ലംഘിച്ച വിദ്യാര്‍ത്ഥികളുടെ തല വടിച്ച് അധ്യാപകന്‍: വ്യാപക പ്രതിഷേധം
മെയ്‌സോഡ്: മുടിയുടെ കാര്യത്തില്‍ സ്‌കൂള്‍ നിയമങ്ങള്‍ ലംഘിച്ച 66 ഓളം വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിച്ച അധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കി. തായ്ലന്റിലാണ് സംഭവം. അധ്യാപകന്റെ പ്രവര്‍ത്തിയില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്.
വെസ്റ്റേണ്‍ തായ്ലന്‍ഡിലെ മെയ്സോഡ് ടെക്നിക്കല്‍ കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു അധ്യാപകനാണ് വിദ്യാര്‍ത്ഥികളുടെ മുടിയുടെ നീളം സ്‌കൂള്‍ ചട്ടങ്ങളില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതലാണെന്ന് ആരോപിച്ചത്. തുടര്‍ന്ന് ഇദ്ദേഹം ശിക്ഷാ നടപടി എന്നവണ്ണം വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിക്കുകയായിരുന്നു. അതേസമയം സ്‌കൂള്‍ ചട്ടം അനുസരിക്കാതിരുന്ന വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനുചിതവും അതിരുകടന്നതുമായ പ്രവൃത്തിയുടെ പേരില്‍ അധ്യാപകനെ പുറത്താക്കിയതായി സ്‌കൂള്‍ സ്‌കൂള്‍ അധികൃതരും അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ തലയുടെ മധ്യഭാഗത്തുള്ള മുടി മാത്രമാണ് ഈ അധ്യാപകന്‍ വട്ടത്തില്‍ നീക്കം ചെയ്തത്. അധ്യാപകന്റെ ഈ ശിക്ഷാ നടപടിക്ക് ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.