ഡോണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം: ക്ലബിൽ ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ വെടിയുതിർത്ത പ്രതി അറസ്റ്റിൽ
വാഷിങ്ടൻ: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വധശ്രമം. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ച് ക്ലബിൽ ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർത്തുകയായിരുന്നു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്സ് പാതി അടച്ചിരിക്കുകയായിരുന്നത് രക്ഷയായി. പ്രദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്.
പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വെടിയുതിർത്തെങ്കിലും എസ്‌യുവിയിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് കീഴ്പ്പെടുത്തി. പ്രതി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58) ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. തോക്ക്, രണ്ട് ബാക്ക്പാക്കുകൾ, ഗോപ്രോ ക്യാമറ തുടങ്ങിയവ ഇയാൾ മറഞ്ഞിരുന്ന സ്ഥലത്തു നിന്നു കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി.
ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സർവീസും അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നു മാറ്റിയ ട്രംപ്, മാർ-എ-ലാഗോ റിസോട്ടിലേക്കു മടങ്ങി. തനിക്കു സമീപം വെടിവയ്പ്പുണ്ടായെന്നു സ്ഥിരീകരിച്ച ട്രംപ്, അഭ്യൂഹങ്ങൾ നിയന്ത്രണാധീതമായി പ്രചരിക്കും മുൻപ് താൻ സുരക്ഷിതനാണെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഒന്നിനും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അനുഭാവികൾക്കായി അയച്ച സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സ്ഥിതിഗതികൾ വിലയിരുത്തി. യുഎസിൽ അക്രമത്തിന് ഇടമില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കൂടിയായ കമല ഹാരിസ് വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 13നും ട്രംപിനു നേരെ വധശ്രമം നടന്നിരുന്നു. അന്ന് പെൻസിൽവാനിയയിലെ റാലിക്കിടെയായിരുന്നു സംഭവം. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ ട്രംപിനു നേരെ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റ് വേദിയിൽ വീണുപോയിരുന്നു.
അന്ന് വെടിയുതിർത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ നിമിഷങ്ങൾക്കുള്ളിൽ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചിരുന്നു.