ഹിസ്ബുല്ല ഓര്‍ഡര്‍ ചെയ്ത 5,000 തയ്വാന്‍ നിര്‍മിത പേജറുകളില്‍ മൊസാദ് സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായി വിവരം
ജറുസലം: ലബനനെ ഞെട്ടിച്ച സ്‌ഫോടനത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഹിസ്ബുല്ല ഓര്‍ഡര്‍ ചെയ്ത 5,000 തയ്വാന്‍ നിര്‍മിത പേജറുകളില്‍ ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദ് ചെറിയ അളവില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായി വിവരം. ലബനനിലുടനീളം ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. 12ലധികം പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
തയ്വാന്‍ ആസ്ഥാനമായുള്ള ഗോള്‍ഡ് അപ്പോളോ നിര്‍മിച്ച 5,000 പേജറുകളാണ് ഹിസ്ബുല്ല ഗ്രൂപ്പ് ഓര്‍ഡര്‍ ചെയ്തത്. ഈ വര്‍ഷം ആദ്യം തന്നെ ഇത് ലബനനില്‍ എത്തിച്ചിരുന്നു. തായ്പേയ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ബ്രാന്‍ഡ് ഉപയോഗിക്കാന്‍ അവകാശമുള്ള യൂറോപ്പിലെ ഒരു കമ്പനിയാണ് സ്ഫോടനത്തിന് ഉപയോഗിച്ച പേജറുകള്‍ നിര്‍മിച്ചതെന്ന് ഗോള്‍ഡ് അപ്പോളോ സ്ഥാപകന്‍ ഹ്‌സു ചിങ്- കുവാങ് പറഞ്ഞു. ”ഉല്‍പന്നം ഞങ്ങളുടേതല്ല. അതില്‍ ഞങ്ങളുടെ ബ്രാന്‍ഡ് ഉണ്ടായിരുന്നു എന്നു മാത്രം”- ഉപകരണങ്ങള്‍ നിര്‍മിച്ച കമ്പനിയുടെ പേര് പറയാതെ അദ്ദേഹം പ്രതികരിച്ചു.
ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങ്ങില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹിസ്ബുല്ല അംഗങ്ങള്‍ ആശയവിനിമയത്തിനുള്ള കുറഞ്ഞ സാങ്കേതിക മാര്‍ഗമായ പേജറുകള്‍ ഉപയോഗിക്കുന്നത്. ”മൊസാദ് പേജറുകള്‍ക്കുള്ളില്‍ ഒരു ബോര്‍ഡ് കുത്തിവച്ചിട്ടുണ്ട്. അതില്‍ സ്‌ഫോടക വസ്തു ഉണ്ടായിരുന്നു. ഇത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഉപകരണമോ സ്‌കാനറോ ഉപയോഗിച്ച് പോലും കണ്ടെത്താനാകില്ല” – വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടകവസ്തുക്കള്‍ സജീവമാക്കാന്‍ കോഡ് ചെയ്ത സന്ദേശം അയച്ചപ്പോഴാണ് മൂവായിരം പേജറുകള്‍ പൊട്ടിത്തെറിച്ചത് എന്നാണു സൂചന.
പുതിയ പേജറുകളില്‍ 3 ഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. മാസങ്ങളോളം ഹിസ്ബുല്ല ഗ്രൂപ്പിനു ഇത് കണ്ടെത്താന്‍ സാധിച്ചില്ല. ഫെബ്രുവരിയില്‍ ഇന്റലിജന്‍സ് തലത്തിലെ വിടവുകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ല പദ്ധതി തയാറാക്കിയിരുന്നു. ഫോണുകള്‍ ഇസ്രയേലി ചാരന്മാരേക്കാള്‍ അപകടകരമാണെന്നും അവ തകര്‍ക്കുകയോ കുഴിച്ചിടുകയോ ഇരുമ്പുപെട്ടിയില്‍ പൂട്ടുകയോ ചെയ്യണമെന്ന് ഫെബ്രുവരി 13ന് ടെലിവിഷന്‍ പ്രസംഗത്തില്‍ ഹിസ്ബുല്ല ഗ്രൂപ്പ് സെക്രട്ടറി ജനറല്‍ ഹസന്‍ നസ്റല്ല കര്‍ശനമായി താക്കീത് ചെയ്തിരുന്നു. ഇതിനുപകരമായാണ് പേജറുകള്‍ വിതരണം ചെയ്തത്.
സ്‌ഫോടനത്തില്‍ നിരവധി ഹിസ്ബുല്ല അംഗങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പേജറുകള്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ള ഇടുപ്പിലാണ് വലിയ തോതിലുള്ള പരുക്കുകള്‍ സംഭവിച്ചത്.