ഹിസ്ബുള്ളയുടെ പേജറുകള്‍ പൊട്ടിത്തെറിപ്പിച്ചത് ഇസ്രയേലിന്റെ യൂണിറ്റ് 8200 ആണെന്ന് സംശയം, പ്രതികരിക്കാതെ ഇസ്രയേല്‍


ജെറുസലെം: പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്പോടനത്തിന്റെ നടുക്കത്തിലാണ് ലെബനന്‍. ചൊവ്വാഴ്ചയാണ് രാജ്യത്ത് ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ളയെ ഉന്നമിട്ടായുന്നു ആക്രമണമെങ്കിലും ഇരയായത് സാധാരണക്കാരും ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പടെ. അപ്രതീക്ഷിത സംഭവത്തില്‍ രാജ്യം വിലപിക്കുമ്പോഴാണ് ബുധനാഴ്ച വാക്കി – ടോക്കികള്‍ പൊട്ടിത്തെറിക്കുന്നത്.

ആരാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍? ലെബനനും ഹിസ്ബുള്ളയുമെല്ലാം ഇസ്രയേലിന് നേരെയാണ് വിരല്‍ ചൂണ്ടുന്നതെങ്കിലും പ്രതികരിക്കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. ഇസ്രയേല്‍ സൈന്യവും ചാര സംഘടനയായ മൊസാദുമാണ് ആക്രമണത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ഘട്ടത്തിലാണ് ഇസ്രയേലിന്റെ യൂണിറ്റ് 8200 എന്ന പേര് കൂടി ഉയര്‍ന്നു കേള്‍ക്കുന്നത്. ലെബനന്‍ ആക്രമണത്തില്‍ ഈ ഉന്നത വൈദഗ്ധ്യമുള്ള സൈനിക സംഘവും ഉണ്ടെന്നാണ് സൂചന. ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്ത പേജറുകളില്‍ സ്പോടക വസ്തുക്കള്‍ ഉള്‍ച്ചേര്‍ത്തതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഇവരാണെന്ന് റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്താണ് ഇസ്രയേലിന്റെ യൂണിറ്റ് 8200?

സൈബര്‍ യുദ്ധങ്ങളില്‍ ഇസ്രയേലിന്റെ ആവനാഴിയിലെ ഏറ്റവും വലിയ ആയുധമാണ് യൂണിറ്റ് 8200. യുഎസിന്റെ ദേശീയ സുരക്ഷ ഏജന്‍സി, ബ്രിട്ടന്റെ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഹെഡ്ക്വാട്ടേഴ്സ് എന്നിവയ്ക്ക് തുല്യം. 1948ല്‍ ഇസ്രായേല്‍ രാഷ്ട്രത്തിന്റെ പിറവിയില്‍ രൂപീകരിച്ച ആദ്യകാല കോഡ് ബ്രേക്കിംഗ്, ഇന്റലിജന്‍സ് യൂണിറ്റുകളില്‍ നിന്നാണ് ഉത്ഭവം. ഇസ്രയേല്‍ സൈന്യത്തിലെ ഏറ്റവും അംഗ സംഖ്യയുള്ള ഒറ്റ സൈനിക യൂണിറ്റ്.

ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ടൂളുകള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതില്‍ സ്പെഷ്യലൈസ്ഡ് ആയ സൈനിക യൂണിറ്റാണിത്. ‘സൈബര്‍ പ്രതിരോധം മുതല്‍ സാങ്കേതിക ആക്രമണങ്ങള്‍’ വരെ ഇവരുടെ ചുമതലയാണ്. ഇന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ ഏറ്റവും സ്വകാര്യവും സങ്കീര്‍ണവുമായ യൂണിറ്റാണിത്. ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നത് മുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത് വരെ നിരവധി ഓപ്പറേഷനുകള്‍ ഇവര്‍ നടത്തുന്നുണ്ട്. 5000 സൈനികരാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്.