ഇറാന്റെ മിസൈല്‍ ആക്രമണം: സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങള്‍, ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം



ടെല്‍ അവീവ്: ഇസ്രായേലിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ സ്ഥിതി നിരീക്ഷിച്ച് ലോക രാജ്യങ്ങള്‍. ഇസ്രായേല്‍ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനും കമല ഹാരിസും ദേശീയ സുരക്ഷാ കൗണ്‍സിലുമായി അടിയന്തര യോഗം ചേര്‍ന്നു.

Read Also; ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഎം

ഇസ്രയേലിന്റെ തുടര്‍ നടപടികളെക്കുറിച്ച്, അമേരിക്ക, ഇസ്രയേല്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ വ്യക്തമാക്കി. സംഘര്‍ഷത്തിന് പിന്നാലെ ന്യൂയോര്‍ക്കില്‍ യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരും. മേഖലയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര യോഗം.

ഇന്ത്യയും സ്ഥിതി നിരീക്ഷിക്കുകയാണ്. ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രതാനിര്‍ദേശം നല്‍കി. സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്ന് വീണ്ടും ഇന്ത്യ ആവശ്യപ്പെട്ടു.

ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇസ്രയേലിലുള്ള മലയാളികള്‍ പറയുന്നു. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരുന്നു.

ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തിന് പകരം വീട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇസ്രായേലിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന് മേല്‍ വര്‍ഷിച്ചത്. എന്നാല്‍, ആക്രമണത്തെ ഫലപ്രദമായി നേരിട്ടതായി ഇസ്രയേലും അമേരിക്കയും പ്രതികരിച്ചു. അതേസമയം, ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കാന്‍ കഴിഞ്ഞുവെന്ന് ഇറാന്‍ അവകാശപ്പെട്ടു. 90 ശതമാനം മിസൈലുകളും ലക്ഷ്യത്തില്‍ പതിച്ചെന്നും വാദം. അതേസമയം ഇറാന്‍ ചെയ്തത് വലിയ തെറ്റെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ചെയ്ത തെറ്റിന് ഇറാന്‍ വില നല്‍കേണ്ടി വരുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.