ടെല്‍ അവീവ്: ലോകരാജ്യങ്ങളെ ഇപ്പോഴും ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം. 1200 ഇസ്രയേലികള്‍ അന്ന് കൊല്ലപ്പെട്ടു. 250 ലേറെ പേരെ ബന്ദികളാക്കി. ഇസ്രയേല്‍ അന്നോളം പുലര്‍ത്തിയ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും അപ്പാടെ തകര്‍ന്ന ഒളിയുദ്ധം.
മണിക്കൂറുകള്‍ക്കകം ഹമാസിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണം തുടങ്ങി. ഒരു വര്‍ഷത്തിനിപ്പുറം ഇന്നുവരെ ഗാസയില്‍ കൊല്ലപ്പെട്ടത് 42000 പേര്‍. അതില്‍ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. ഒരു ലക്ഷം പേര്‍ക്ക് പരിക്കേറ്റു. ലോകത്തെ ഏറ്റവും വലിയ ദുരന്തഭൂമി ആയി ഗാസ മാറിയിരിക്കുന്നു.
ഇപ്പോള്‍ സംഘര്‍ഷം പശ്ചിമേഷ്യയുടെ കൂടുതല്‍ മേഖലകളിലേക്ക് പടരുകയാണ്. ലെബനന്‍ ഗാസ പോലെ മറ്റൊരു യുദ്ധഭൂമിയായി മാറുന്നു. യെമനിലും സിറിയയിലും ആക്രമണങ്ങള്‍ നടക്കുന്നു. ഇറാന്‍ നേരിട്ട് രണ്ടു വട്ടം ഇസ്രയേലിനെ ആക്രമിച്ചു. ലോകസമാധാനത്തിന് ഇടപെടേണ്ട ഐക്യരാഷ്ട്ര സഭ വെറും കാഴ്ചക്കാരായി ചുരുങ്ങിപ്പോയ ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. യുഎന്നിന്റെ സമാധാന ആഹ്വാനം ഇരുപക്ഷവും തള്ളി.
ഹമാസിന്റെ പൂര്‍ണ്ണമായ ഉന്മൂലനം ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയ ഇസ്രയേല്‍ ഇന്ന് നേരിടുന്നത് ഹിസ്ബുല്ലയും ഹൂതികളും ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സും അടക്കം നിരവധി സായുധ സംഘങ്ങളെയാണ്. അവര്‍ക്കെല്ലാം പരസ്യ ആയുധ സാമ്പത്തിക സഹായവുമായി ഇറാന്‍ നില്‍ക്കുന്നു.