ഇസ്രയേലിൽ ​ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം, ഒരുവർഷത്തിനുള്ളിൽ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്ന്


ജറുസലം: ഇസ്രയേലിൽ ​ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം. ബിന്യാമിനയ്ക്കു സമീപത്ത് നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോ​ഗ്യനില ​ഗുരുതരമെന്നാണ് റിപ്പോർട്ട്. ലബനനിൽ നിന്ന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഡ്രോണുകളിൽ ഒന്ന് തകർത്തെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്റെ നേർക്കുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്.

രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലിൽ ഡ്രോൺ ആക്രമണമുണ്ടാകുന്നത്. ശനിയാഴ്ച ടെൽ അവീവിനു നേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു. മിസൈലുകൾ പ്രതിരോധിക്കാൻ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിനു കൈമാറുമെന്ന് യുഎസ് പ്രഖ്യാപിച്ച ദിവസമാണ് ഇസ്രയേലിനു നേർക്ക് വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്.

ബെയ്റൂട്ടിൽ വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇസ്രയേലിന്റെ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു. അതേസമയം, മധ്യഗാസയിൽ പുനരധിവാസ ക്യാംപ് പ്രവർത്തിച്ച സ്കൂളിനു നേരെ ഞായാറാഴ്ച ഇസ്രയേൽ നടത്തിയ ഷെല്ലിങ്ങിൽ 20 പേർ കൊല്ലപ്പെടുകയും അനവധി ആളുകൾക്കു പരുക്കേൽക്കുകയും ചെയ്തു.