സഹാറയിലും രാജ്യത്തെ ഏറ്റവും വലിയ മരുഭൂമിയായ താറിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ആശങ്കയില്‍ ലോകം
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിലും രാജ്യത്തെ ഏറ്റവും വലിയ മരുഭൂമിയായ താറിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടി വിദഗ്ധര്‍. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ആദ്യമായാണ് സഹാറ മരുഭൂമി ഇത്രയും വലിയ മഴക്ക് സാക്ഷ്യം വഹിക്കുന്നത്. വടക്കേ ആഫ്രിക്കന്‍ മരുഭൂമിയിലെ തെക്കുകിഴക്കന്‍ മൊറോക്കോ മേഖലയില്‍ രണ്ട് ദിവസം തുടര്‍ച്ചയായാണ് കനത്ത മഴ പെയ്തത്.
തുടര്‍ന്ന് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായി. വലിയ മഴ പ്രദേശത്തെ ആകെ മാറ്റിമറിച്ചു. ടാറ്റയ്ക്ക് ചുറ്റുമുള്ള പ്രദേശവും മൊറോക്കോയുടെ തലസ്ഥാന നഗരമായ റാബത്തില്‍ നിന്ന് ഏകദേശം 450 കിലോമീറ്റര്‍ അകലെയുള്ള ടാഗൗണൈറ്റ് ഗ്രാമത്തിലുമാണ് പെരുമഴ പെയ്തത്. ടാഗൗണൈറ്റില്‍ 100 മില്ലിമീറ്റര്‍ ലഭിച്ചു. ഒരു വര്‍ഷം പെയ്യുന്നതിലേറെ മഴയാണ് ഈ രണ്ട് ദിവസങ്ങളില്‍ മാത്രം പെയ്തത്. വേനല്‍ക്കാലത്തിന്റെ അവസാനമാണ് മഴ പെയ്തതെന്നും ശ്രദ്ധേയം.
മഴ പെയ്തതോടെ 1925 മുതല്‍, 50 വര്‍ഷക്കാലം വറ്റിവരണ്ടിരുന്ന ഇറിക്വി തടാകത്തില്‍ വെള്ളം നിറയുകയും പ്രദേശമാകെ ജലത്താല്‍ മൂടുകയും ചെയ്തു. കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തില്‍, അപൂര്‍വമായ പ്രതിഭാസമാണ് സഹാറ മരുഭൂമിയില്‍ ഉണ്ടായിരിക്കുന്നത്. മാറിയ കാലാവസ്ഥാ രീതികളുടെ സൂചനയായിരിക്കാം മരുഭൂമിയിലെ വെള്ളപ്പൊക്കമെന്നും വിദ?ഗ്ധര്‍ അഭിപ്രായപ്പെടുന്നു. പതിറ്റാണ്ടുകളായി ഇത്രയും കനത്ത മഴ ഉണ്ടായിട്ടില്ലെന്ന് മൊറോക്കോയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഹുസൈന്‍ യൂബേബ് പറഞ്ഞു. ദീര്‍ഘകാലത്തെ വരള്‍ച്ചയ്ക്ക് ശേഷം മഴ കര്‍ഷകര്‍ക്ക് ആശ്വാസമായേക്കാമെങ്കിലും ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്കാറ്റില്‍ ഈര്‍പ്പമുള്ള വായു അമിതമായി എത്തിയതാണ് മഴക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
9 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശമുള്ള സഹാറ മരുഭൂമിയില്‍ ഇത്തരം കൊടുങ്കാറ്റുകള്‍ ഇടയ്ക്കിടെ സംഭവിക്കുന്നത് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുവരുന്നു. ലോകമെമ്പാടുമുള്ള ജലചക്രം പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ തലവന്‍ സെലസ്റ്റെ സൗലോ പറയുന്നു.
ഇന്ത്യയിലെ താര്‍ മരുഭൂമിയിലും ഈ മഴക്കാലത്ത് അധിക മഴ പെയ്തു. പടിഞ്ഞാറന്‍ രാജസ്ഥാനില്‍ തുടര്‍ച്ചയായി ആറ് വര്‍ഷമായി സാധാരണ മഴയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്നു. ഈ മേഖലയില്‍ 2005-2024 കാലഘട്ടത്തില്‍ മണ്‍സൂണ്‍ സാധാരണയില്‍ നിന്ന് 19% കൂടുതലാണ്.