അന്റാര്‍ട്ടിക്കയില്‍ തിരച്ചില്‍ നടത്തവേ കണ്ടെത്തിയ വാതില്‍പ്പാളി അന്യഗ്രഹജീവികളുടെ താവളമാണെന്നു പറഞ്ഞു സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വാതില്‍പ്പാളിയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചത്. താമസിയാതെ ഇതു പ്രചരിച്ചു. ഏലിയന്‍ ദുരൂഹതാവാദികള്‍ക്ക് വലിയ താല്‍പര്യമുള്ള മേഖലയാണ് അന്റാര്‍ട്ടിക്ക. അതിനാല്‍ തന്നെ വിഷയത്തിനു പ്രത്യേകശ്രദ്ധ ലഭിച്ചു.
എന്നാല്‍ ശാസ്ത്രജ്ഞരുടെ സ്ഥീരികരണം തൊട്ടുപിന്നാലെ വന്നു. ഇത് അന്യഗ്രഹത്താവളമല്ലെന്നും മറിച്ച് ഐസ്ബര്‍ഗാണെന്നുമാണ് ഇത്. ദക്ഷിണധ്രുവ ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. അധികമാരും കടന്നുചെല്ലാത്ത ഹിമഭൂമി. ഭൂമിയില്‍ പതിച്ച ഉല്‍ക്കകളില്‍ കണ്ടെത്തപ്പെട്ടവയില്‍ മൂന്നിലൊന്നും അന്റാര്‍ട്ടിക്കയില്‍ നിന്നാണു കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നിന്ന് തൊണ്ണൂറുകളില്‍ കണ്ടെത്തിയ ‘അലന്‍ ഹില്‍സ് 84001’ എന്ന ഉല്‍ക്ക ചൊവ്വാഗ്രഹത്തില്‍ നിന്നു വന്നെത്തിയതാണ്. ഇത്തരം കാര്യങ്ങളെല്ലാം കൂടിച്ചേര്‍ന്ന് അന്റാര്‍ട്ടിക്കയ്ക്ക് ഒരു വല്ലാത്ത അന്യഗ്രഹപരിവേഷം കൊടുക്കാന്‍ ദുരൂഹതാ വാദികള്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനായി പല കഥകളും ഉപകഥകളും അവര്‍ ഇറക്കി.
അന്റാര്‍ട്ടിക്കയില്‍ എല്ലാ സ്ഥലങ്ങളിലേക്കും ആളുകള്‍ക്ക് പോകാനൊക്കില്ല. സുരക്ഷാകാരണങ്ങളാലാണിതെന്നാണ് അധികൃതര്‍ പറയുന്നത്. വിനോദസഞ്ചാരികള്‍ക്ക് അനുവദിച്ചിട്ടുള്ള മേഖലകളിലേക്കു മാത്രമേ പോകാനൊക്കൂ. വിവിധ രാജ്യങ്ങളുടെ സൈനിക സാന്നിധ്യവും ഇവിടെയുണ്ട്. അന്റാര്‍ട്ടിക്കയ്ക്കു മുകളിലൂടെ വ്യോമഗതാഗതം ഇല്ല.
ഇത്തരം കാര്യങ്ങളെല്ലാം അന്റാര്‍ട്ടിക്കയില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഏലിയന്‍ രഹസ്യങ്ങളെല്ലാം ജനങ്ങളില്‍ നിന്നു മറച്ചുപിടിക്കാനാണെന്നാണ് ദുരൂഹതാ വാദക്കാര്‍ പറയുന്നത്. അന്റാര്‍ട്ടിക്കയിലെ ഷാക്കിള്‍ട്ടന്‍ മലനിരയിലുള്ള പിരമിഡ് രൂപത്തിലുള്ള മല പ്രകൃതിദത്തമല്ല മറിച്ച് കൃത്രിമമായി നിര്‍മിച്ചതാണെന്നും പറയുന്നവരുണ്ട്. ഭൂമിയില്‍ ആദ്യമായി നിര്‍മിച്ച പിരമിഡ് ഇതാണത്രേ