ബീജിംഗ്: തകരാറുകള്‍ കാരണം ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു എജി ചൈനയിലെ ഏഴ് ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. പ്രാദേശികമായി നിര്‍മ്മിച്ച 499,539 കാറുകളും 188,371 ഇറക്കുമതി ചെയ്ത വാഹനങ്ങളും തിരികെ വിളിക്കുമെന്ന് ബിഎംഡബ്ല്യു ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് മാര്‍ക്കറ്റ് റെഗുലേഷന്‍ വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. ചില മോഡലുകളിലെ ഒരു തകരാര്‍ കൂളന്റ് പമ്പ് പ്ലഗ് തുരുമ്പെടുക്കാന്‍ കാരണമായേക്കാമെന്നും ഇത് ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്യും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Read Also: പെട്രോള്‍ ബോംബുകള്‍ നിറച്ച മിനിവാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇടിച്ചുകയറ്റി: 49കാരന്‍ അറസ്റ്റില്‍
പ്രാദേശികമായി നിര്‍മ്മിച്ച 3 സീരീസ്, 5 സീരീസ് വാഹനങ്ങളും ഇറക്കുമതി ചെയ്ത നിരവധി X സീരീസ് എസ്യുവികളും ബാധിച്ച മോഡലുകളില്‍ ഉള്‍പ്പെടുന്നു. കമ്പനി ഈ തിരിച്ചുവിളി നടത്തിയതിനെ തുടര്‍ന്ന് ഏറ്റവും വലിയ വിപണിയായ ചൈനയിലെ ഡെലിവറികള്‍ കുത്തനെ ഇടിഞ്ഞു. ചൈനയിലെ ബിഎംഡബ്ല്യു, മിനി ബ്രാന്‍ഡ് കാറുകളുടെ കയറ്റുമതി മൂന്നാം പാദത്തില്‍ 30 ശതമാനം ഇടിഞ്ഞു. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയിലാണ് ബിഎംഡബ്ല്യു ഇക്കാര്യം അറിയിച്ചത്.