ആക്രമണത്തിന് മുമ്പ് തുരങ്കത്തില്‍ അഭയം തേടുന്ന സിന്‍വാര്‍, ഭാര്യയുടെ കൈയിലുള്ളത് 27 ലക്ഷത്തിന്റെ ബാഗ്?
ഗാസ: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ പഴയ വീഡിയോ വീണ്ടും പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് യഹിയ രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെടുന്നു.
Read Also: രഹസ്യമായി കാണാനെത്തി: കാമുകനെ ഇരുമ്പ് പെട്ടിയിലാക്കി ഒളിപ്പിച്ച് യുവതി
യഹിയ സിന്‍വാറും ഭാര്യ സമര്‍ മുഹമ്മദും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് കാണാം. ടെലിവിഷന്‍, വെള്ളക്കുപ്പികള്‍, തലയിണകള്‍, കിടക്കകള്‍, വെള്ളക്കുപ്പികള്‍ തുടങ്ങിയ സാധനങ്ങള്‍ ഇവരുടെ കൈയിലുണ്ട്. മധ്യഗാസയിലെ ഖാന്‍ യൂനിസിലെ തുരങ്കമാണ് ഇതെന്നും കുടുംബത്തോടൊപ്പം എല്ലാ രാത്രിയിലും യഹിയ ഇവിടെയാണ് ഒളിച്ചിരുന്നതെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയല്‍ ഹഗാരി പറയുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കാത്ത മുന്‍ഗണനകളാണ് ഇതെന്നും യഹിയ സിന്‍വാര്‍ എപ്പോഴും അദ്ദേഹത്തിനും പണത്തിനും ഹമാസ് തീവ്രവാദികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹഗാരി ആരോപിക്കുന്നു.
അതിനിടെ ഈ വീഡിയോയില്‍ യഹിയയുടെ ഭാര്യ സമര്‍ കൈയില്‍ പിടിച്ചിരിക്കുന്ന ബാഗും എക്‌സില്‍ ചര്‍ച്ചാവിഷയമായി. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ അറബി ഭാഷ വക്താവ് ലെഫ്റ്റനന്റ് കേണല്‍ അവിചായ് അദ്രേയാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. ആഡംബര ബ്രാന്‍ഡായ ഹമീസ് ബര്‍കെന്റേതാണ് ഈ ബാഗെന്നും ഏകദേശം 27 ലക്ഷം രൂപ ഇതിന് വില വരുമെന്നും പോസ്റ്റില്‍ അവിചായ് അദ്രേ പറയുന്നു.
എന്നാല്‍ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനെതിരെ ഹമാസ് രംഗത്തെത്തി. കമാന്‍ഡര്‍ യഹിയ സിന്‍വാറിനേയും അദ്ദേഹത്തിന്റെ സഹോദരങ്ങളേയും അപമാനിച്ച് തങ്ങളുടെ സൈന്യത്തിന്റെ തോല്‍വിയില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് പ്രതികരിച്ചു. തങ്ങളുടെ ധീരരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ മുന്‍നിരയില്‍ നിന്ന യഹിയ സിന്‍വാര്‍ യുദ്ധക്കളത്തില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നും ഹമാസ് വ്യക്തമാക്കി.