ഗാസയിലും ലബനനിലും വെടിനിര്‍ത്തല്‍: സൗദി കിരീടാവകാശിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മില്‍ ചര്‍ച്ച
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചര്‍ച്ച നടത്തി. പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ നടത്തുന്ന മേഖല പര്യടനത്തിന്റെ ഭാഗമായി റിയാദിലെത്തിയ ബ്ലിങ്കന് അല്‍ യമാമ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു ചര്‍ച്ച.
ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകളും ഇരുവരും അവലോകനം ചെയ്തു. പൊതുതാല്‍പ്പര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് ഗാസയിലെയും ലെബനനിലെയും സംഭവവികാസങ്ങള്‍, സൈനികാക്രമണം നിര്‍ത്തുന്നതിനും ജനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിനുമുള്ള ശ്രമങ്ങള്‍, യുദ്ധം മൂലമുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
സ്വീകരണച്ചടങ്ങില്‍ മന്ത്രിസഭ അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ഐബാന്‍, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് ബിന്‍ അലി അല്‍ ഹുമൈദാന്‍, സൗദിയിലെ യു.എസ് അംബാസഡര്‍ മൈക്കല്‍ റാറ്റ്നി എന്നിവര്‍ പങ്കെടുത്തു.
ഗാസയിലെയും ലബനനിലെയും സംഘര്‍ഷത്തിന് ശമനം വരുത്താനുള്ള സാധ്യതകള്‍ തേടി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റിയാദിലെത്തിയത്. കിരീടാവകാശിയുമായുള്ള ചര്‍ച്ചക്ക് മുമ്പ് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഗാസ മുനമ്പില്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള 11-ാമത്തെ പശ്ചിമേഷ്യന്‍ പര്യടനമാണ് ബ്ലിങ്കേന്റേത്.