ടെഹ്‌റാന്‍: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേലിന്റെ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിട്ടെന്നും എന്നാല്‍ ചില സ്ഥലങ്ങളില്‍ ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായെന്നും ഇറാന്‍ അറിയിച്ചു. മാസങ്ങളായി ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് വ്യോമാക്രമണമെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉള്‍പ്പെടെ ഇന്ന് പുലര്‍ച്ചെ വന്‍ സ്‌ഫോടനമാണ് ഉണ്ടായത്.
ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ടെഹ്റാനിലും സമീപ പ്രദേശങ്ങളിലും ഏതാണ്ട് മൂന്ന് തവണകളായാണ് ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണങ്ങള്‍ നടത്തിയത്. ആദ്യ റൗണ്ടില്‍ കുറഞ്ഞത് ഏഴ് സ്‌ഫോടനങ്ങളെങ്കിലും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 2 മണിക്ക് ശേഷം ടെഹ്റാനിലും കരാജ് നഗരം ഉള്‍പ്പെടെയുള്ള സമീപത്തെ സൈനിക താവളങ്ങളിലും മണിക്കൂറുകളോളം സ്ഫോടനങ്ങള്‍ നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
100-ലധികം യുദ്ധവിമാനങ്ങള്‍ 20-ലധികം സ്ഥലങ്ങളില്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും ടെല്‍ അവീവിലെ സൈനിക ആസ്ഥാനത്തുണ്ടായിരുന്നുവെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അതേസമയം, ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലെ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ടോ ആളപായം സംബന്ധിച്ചോ ഔദ്യോഗികമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.