കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോറിലെ ഓവനില്‍ ഇന്ത്യൻ വംശജയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി, ആരോ തള്ളിക്കയറ്റിയതെന്ന് സൂചന
ഒട്ടാവ: കാനഡ ഹാലിഫാക്‌സ് നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഇന്ത്യന്‍ സിക്ക് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി സ്ഥാപനത്തിലെ മറ്റൊരു തൊഴിലാളി. ഗുർസിമ്രാൻ കൗറിനെ (19) ആരോ മനപൂര്‍വം ഓവനിലേക്ക് തള്ളിക്കയറ്റിയതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അവര്‍ പറഞ്ഞു. സഹപ്രവർത്തകയായ ക്രിസ് ബ്രീസിയാണ് വെളിപ്പെടുത്തൽ നടത്തിയത്.
ഒക്‌ടോബർ 19-നാണ് ഗുർസിമ്രാൻ കൗറിനെ ഹാലിഫാക്‌സിലെ സൂപ്പർ സ്റ്റോറിലെ ഉപകരണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി കടയിൽ ജോലി ചെയ്തിരുന്ന കൗറിനെ അമ്മയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. വാൾമാർട്ടിൽ ജോലി ചെയ്യുമ്പോൾ താൻ ഉപയോഗിച്ച ഓവൻ പുറത്ത് നിന്ന് ഓണാക്കിയെന്നും ഡോർ ഹാൻഡിൽ തുറക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ബ്രീസി പറഞ്ഞതായി ദ മിറർ റിപ്പോർട്ട് ചെയ്തു.
ഓവന്റെ അകത്ത് കയറാൻ കുനിയേണ്ടി വരും. അടുപ്പിനുള്ളിൽ ഒരു എമർജൻസി ലാച്ച് ഉണ്ടെന്നും ഒരു തൊഴിലാളിക്ക് അടുപ്പിലേക്ക് പ്രവേശിക്കേണ്ട ജോലികളൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. അടുപ്പ് പൂട്ടണമെങ്കിൽ എല്ലാ ശക്തിയും ഉപയോഗിച്ച് ലാച്ച് തള്ളണം. അത്തരത്തിൽ ആരെങ്കിലും സ്വയം പൂട്ടാൻ ഒരു വഴിയുമില്ല. അതുകൊണ്ടുതന്നെ രണ്ടാമതൊരാൾ ഗുർസിമ്രാൻ കൗറിനെ അടുപ്പിലേക്ക് എറിഞ്ഞതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു. അതേസമയം, സംഭവം കമ്പനിയുടെ ഹൃദയം തകർത്തെന്നും കൗറിന്റെ കുടുംബത്തിനൊപ്പമാണ് കമ്പനിയെന്നും വാൾമാർട്ട് കാനഡ പ്രസ്താവനയിൽ പറഞ്ഞു.