ന്യൂഡൽഹി: ഇതുവരെ വിതരണം ചെയ്ത വൈദ്യുതിയുടെ പണം മുഴുവൻ നവംബർ ഏഴിനകം നൽകണമെന്ന് ബംഗ്ലാദേശിന് അന്ത്യശാസനം നൽകി അദാനി. കുടിശ്ശിക വരുത്തിയ തുക നിശ്ചിത സമയത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം പൂർണമായും അവസാനിപ്പിക്കുമെന്നും അദാനി പവർ ബംഗ്ലാദേശ് സർക്കാരിന് മുന്നറിയിപ്പ് നൽകി.850 ദശലക്ഷം ഡോളറാണ് വൈദ്യുതി ചർജ്ജ് ഇനത്തിൽ ബംഗ്ലാദേശ് സർക്കാർ അദാനിക്ക് നൽകാനുള്ളത്. ഏകദേശം 7,200 കോടി രൂപക്ക് തുല്യമാണ് ഈ തുക.
പണം അടയ്ക്കാത്തതിൻ്റെ പേരിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് അന്ത്യശാസനം നൽകിയത്. ഒക്‌ടോബർ 31ന് മുമ്പ് പണം നൽകണമെന്നായിരുന്നു നേരത്തേ കമ്പനി ആവശ്യപ്പെട്ടിരുന്നത്. വെള്ളിയാഴ്ച ഗോഡ്ഡയിലെ അദാനിയുടെ പ്ലാൻ്റിന്റെ സ്ഥാപിത ശേഷിയായ 1,496 മെഗാവാട്ടിൽ നിന്ന് 724 മെഗാവാട്ട് മാത്രമാണ് വിതരണം ചെയ്തത്. ബംഗ്ലാദേശിലേക്ക് അദാനി പവർ ജാർഖണ്ഡാണ് ഏറ്റവും വലിയ വൈദ്യുതി വിതരണക്കാരൻ.
ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിന് കുടിശ്ശിക തീർക്കാൻ 170 മില്യൺ ഡോളറിൻ്റെ (ഏകദേശം 1,500 കോടി രൂപ) ലെറ്റർ ഓഫ് ക്രെഡിറ്റ് (എൽസി) നൽകാനും അദാനി സമയപരിധി നിശ്ചയിച്ചിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം അധികാരമേറ്റത് മുതൽ കുടിശ്ശിക നൽകണമെന്ന് അദാനി ഇടക്കാല സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.