ബ്രിട്ടനിൽ വീണ്ടും കൺസർവേറ്റീവ് പാർട്ടിക്ക് വിജയം: കെമി ബേഡനോക്കിനെ നേതാവായി തെരഞ്ഞെടുത്തു


ലണ്ടൻ: ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കറുത്ത വർ​ഗക്കാരി രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയുടെ തലവയായി. കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി കെമി ബേഡനോക്കിനെ തിരഞ്ഞെടുത്തതോടെയാണ് പുതിയ ചരിത്രം പിറന്നത്. നൈജീരിയൻ വംശജയാണ് 44കാരിയായ കെമി. ഋഷി സുനക് മന്ത്രിസഭയിൽ അം​ഗമായിരുന്ന കെമി 53,806 വോട്ടുകൾ നേടിയാണ് കൺസർവേറ്റീവ് പാർട്ടിയുടെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സര രം​ഗത്തുണ്ടായിരുന്ന മുൻമന്ത്രി റോബർട്ട് ജെൻറിക്കിന് 41,388 വോട്ടുകളെ നേടാനായുള്ളു.

നൈജീരിയൻ ദമ്പതികളുടെ മകളാണ് കെമി. യുകെയിലാണു കെമി ജനിച്ചതും വളർന്നതും. ഭർത്താവ് ഹാമിഷ് ബേഡനോക്, ഡോയ്ചെ ബാങ്ക് ഉദ്യോഗസ്ഥനും മുൻ കൗൺസിലറുമാണ്. ബ്രിട്ടൻ–ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിടുന്നതു സംബന്ധിച്ച ചർച്ചകളിൽ വ്യാപാരമന്ത്രിയായിരിക്കെ കെമിയും പങ്കെടുത്തിരുന്നു. വീസ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽത്തട്ടിയാണ് കരാർ ചർച്ച സ്തംഭിച്ചതെന്ന് അവർ ഈയിടെ പറഞ്ഞിരുന്നു.

“നമുക്ക് മുന്നിലുള്ള ദൗത്യം കഠിനവും എന്നാൽ ലളിതവുമാണ്. ലേബർ പാർട്ടി സർക്കാരിനെ പ്രതിജ്ഞാബദ്ധമാക്കുക എന്നതാണ് അടുത്ത നടപടി. പാർട്ടി സത്യസന്ധരായിരിക്കണം. ഞങ്ങൾ തെറ്റുകൾ വരുത്തിയതിനെക്കുറിച്ച് സത്യസന്ധത പുലർത്തണം. നമ്മുടെ മഹത്തായ കൺസർവേറ്റീവ് പാർട്ടിയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത് എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്. ഞാൻ സ്നേഹിക്കുന്ന, എനിക്ക് ഒരുപാട് അവസരം തന്ന ഒരു പാർട്ടിയാണ്. മത്സരത്തിൽ എതിരാളിയായിരുന്ന റോബർട്ട് ജെൻറിക്ക് വരും വർഷങ്ങളിൽ ഞങ്ങളുടെ പാർട്ടിയിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നതിൽ എനിക്ക് സംശയമില്ല. എന്നിൽ വിശ്വാസമർപ്പിച്ച എല്ലാ അംഗങ്ങൾക്കും നന്ദി. മാറ്റത്തിനുള്ള സമയമാണിത്.”, പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കെമി പറഞ്ഞു.