ഹവാന: ക്യൂബയിൽ ശക്തമായ ഭൂചലനം. ദക്ഷിണ ക്യൂബയിൽ തുടർച്ചയായ രണ്ട് ഭൂചലനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് ഒരു മണിക്കൂറിനു ശേഷം 6.8 തീവ്രതയിൽ രണ്ടാമതും ഭൂചലനമുണ്ടാകുകയായിരുന്നു.
ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതുവരെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.കരീബിയൻ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടാവുകയും വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയസ് കനാൽ പറഞ്ഞു.
ഭൂചലനത്തിൽ തകർന്ന കോൺക്രീറ്റ് ബ്ലോക്ക് വീടുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചുഴലിക്കാറ്റിൽനിന്ന് കരകയറാൻ പാടുപെടുന്ന ക്യൂബയിലാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. കഴിഞ്ഞയാഴ്ച, റാഫേൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകർന്നിരുന്നു. നിലവിൽ 10 ദശലക്ഷം ആളുകൾക്കാണ് രാജ്യത്ത് വൈദ്യുതിയില്ലാത്തത്.