റഷ്യ–യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ നിർണായക ഇടപെടൽ: റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോ​ഗിക്കാൻ അനുമതിനൽകി ബൈഡൻ ഭരണകൂടം


വാഷിങ്ടൻ: റഷ്യ – യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ നിർണായക ഇടപെടൽ. ​അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോ​ഗിക്കാൻ ബൈഡൻ ഭരണകൂടം യുക്രൈന് അനുമതി നൽകി. യുക്രൈനെതിരായ യുദ്ധത്തിന് ഉത്തര കൊറിയൻ സൈന്യവും എത്തിയ പശ്ചാത്തലത്തിലാണ് ​ദീർഘദൂര ആക്രമണങ്ങൾക്ക് അമേരിക്കൻ മിസൈലുകൾ ഉപയോ​ഗിക്കാൻ ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയത്.

റഷ്യൻ-ഉത്തരകൊറിയൻ സംയുക്ത സേനയെ വിന്യസിച്ചിരിക്കുന്ന പശ്ചിമ റഷ്യയിലെ കസ്‌ക് മേഖലയിൽ യുക്രൈൻ ഉടൻ ദീർഘദൂര മിസൈലുകൾ ഉപയോ​ഗിച്ച് ആക്രമണം നടത്തുമെന്നും റിപ്പോർട്ടുണ്ട്.ട്രംപ് അധികാരത്തില്‍ എത്തുമ്പോള്‍ യുക്രെയിന്‍ യുദ്ധം തീരുമെന്നായിരുന്നു എല്ലാവരും കണക്കു കൂട്ടിയിരുന്നത്.യുക്രെയിനെ ട്രംപ് കൈവിടുമെന്നും അതോടെ യുദ്ധം തീരുമെന്നുമായിരുന്നു പ്രതീക്ഷ. ഇതിനിടെയാണ് യുക്രെയിനില്‍ നിന്നും റഷ്യയുടെ മുക്കിലും മൂലയിലും എത്താന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയിന് സമ്മാനമായി ബൈഡന്‍ നല്‍കുന്നത്.

ഇത് വലിയൊരു ചതിയാണെന്നാണ് ലോകം അഭിപ്രായപ്പെടുന്നത്. അമേരിക്ക നല്‍കുന്ന മിസൈലുകള്‍ യുക്രെയിന്‍ പ്രയോഗിച്ചാല്‍ വീണ്ടും ലോക മഹായുദ്ധ ഭീതി ശക്തമാകും. അങ്ങനെ വന്നാല്‍ ട്രംപിന് പോലും റഷ്യയെ അടക്കി നിര്‍ത്താന്‍ കഴിയില്ല എന്നാണ് വിലയിരുത്തൽ. ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റംസ്(എടിഎസിഎംഎസ് )എന്നറിയപ്പെടുന്ന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈനിന് അനുമതി നൽകിയത് ഉത്തരകൊറിയൻ സൈനികരെ യുദ്ധത്തിൽ പങ്കെടുപ്പിക്കാനുള്ള റഷ്യയുടെ നീക്കത്തിനുള്ള മറുപടിയാണെന്നാണ് വിലയിരുത്തൽ.

അമേരിക്ക നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി മാസങ്ങൾക്കു മുൻപെ ആവശ്യപ്പെട്ടിരുന്നു. ജോ ബൈഡൻ ‌ പ്രസിഡന്റ് പദമൊഴിയാൻ രണ്ടു മാസം മാത്രം ശേഷിക്കെയാണ് നിർണായക തീരുമാനം. യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യയ്ക്കൊപ്പം ഉത്തര കൊറിയൻ സൈനികരെ വിന്യസിച്ച നീക്കത്തിനു പിന്നാലെയാണ് യുക്രെയ്ന് സഹായകരമായ അമേരിക്കയുടെ നീക്കം.

എന്നാൽ ഇതുസംബന്ധിച്ച് പ്രതികരണങ്ങളൊന്നും വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതേ സമയം വാർത്ത ശരിവെയ്ക്കുന്ന രീതിയിലായിരുന്നു യുക്രൈൻ പ്രസിഡൻ്റ് സെലൻസ്കിയുടെ പ്രതികരണം