ഒട്ടാവ : ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് തങ്ങളും പാലിക്കുമെന്നും രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും കാനഡ. രാജ്യാന്തര കോടതിയുടെ എല്ലാ ചട്ടങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
ഐസിസിയുടെ അറസ്റ്റ് വാറന്റ് പ്രകാരം യുകെയിൽ എത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് വെള്ളിയാഴ്ച ബ്രിട്ടീഷ് സർക്കാർ സൂചന നൽകിയിരുന്നു. ആഭ്യന്തര നിയമവും രാജ്യാന്തര നിയമവും അനുസരിച്ച് യുകെ എപ്പോഴും അതിന്റെ നിയമപരമായ ബാധ്യതകൾ പാലിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ വക്താവ് അറിയിച്ചത്.
ബെൽജിയം, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറാൻ, അയർലൻഡ്, ജോർദാൻ, നെതർലാൻഡ്‌സ്, നോർവേ, സ്വീഡൻ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സർലൻഡ്, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് ഐസിസി തീരുമാനം പാലിക്കുമെന്ന് അറിയിച്ച മറ്റ് രാജ്യങ്ങൾ. എന്നാൽ അമേരിക്കയുടെ തീരുമാനം ഇതിനെതിരാണെന്നാണ് സൂചന. ഇസ്രയേൽ നേതാക്കൾക്കെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് അതിരുകടന്നതാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.