ഇസ്രായേലിന് തിരിച്ചടി നൽകും : ഭീഷണി മുഴക്കി ഇറാൻ


തെഹ്റാന്‍ : ഇസ്രായേല്‍ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായ അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്.

മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ന്യൂക്ലിയര്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഒക്ടോബര്‍ 26 ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ് അദ്ദേഹം ഇത്തരത്തിൽ ഭീഷണി മുഴക്കിയത്.

ഇസ്രായേലിന് ഉചിതമായ തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് സൈന്യത്തിലും സര്‍ക്കാരിലുമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരെന്നും അദ്ദേഹം അറിയിച്ചു. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്നീമിനു നല്‍കിയ അഭിമുഖത്തിലാണ് അലി ലാരിജാനി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇസ്രായേലിനെതിരായ പ്രതിരോധം പുനസ്ഥാപിക്കലാണ് പ്രധാനപ്പെട്ട വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.