മോശം പ്രവര്‍ത്തനം: മെറ്റയില്‍ കൂട്ടപിരിച്ചുവിടല്‍



ന്യൂയോര്‍ക്ക്: 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഇന്റേണല്‍ മെമ്മോ അനുസരിച്ച് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. പിരിച്ചുവിടുന്നവര്‍ക്ക് പകരമായി പുതിയ ആളുകളെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. സെപ്തംബര്‍ വരെ മെറ്റയില്‍ ഏകദേശം 72,400 ജീവനക്കാരുണ്ടായിരുന്നു.

Read Also: 41 ദിവസം പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണം; ഗോപൻ സ്വാമിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്

പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകള്‍ പ്രധാന യുഎസ് കോര്‍പ്പറേഷനുകള്‍ക്കിടയില്‍ ഒരു സാധാരണ രീതിയാണ്. മൈക്രോസോഫ്റ്റ് കഴിഞ്ഞയാഴ്ച സമാനമായ വെട്ടിക്കുറവുകള്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി 20 ന് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി മെറ്റയിലെ വിശാലമായ മാറ്റങ്ങള്‍ക്കിടയിലാണ് പിരിച്ചുവിടലുകള്‍. വാട്ട്‌സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മെറ്റക്ക് കീഴിലുള്ള ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിനെയാണ് പിരിച്ചുവിടല്‍ ബാധിക്കുക.

കമ്പനിയിലുള്ളത് മികച്ച ജീവനക്കാരാണ് ഉള്ളതെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഇപ്പോള്‍ നടക്കുന്ന പിരിച്ചുവിടലെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി, മെറ്റ ഇതിനകം തന്നെ നിരവധി തവണ പിരിച്ചുവിടലുകള്‍ നടത്തിയിരുന്നു. ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ടീമുകളെ പുനഃക്രമീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഈ പിരിച്ചുവിടലുകള്‍ നടത്തിയത്.