കീവ്: സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് നന്ദി പറഞ്ഞ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. വെള്ളിയാഴ്ച്ച ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചു. റഷ്യക്ക് എതിരെ പോരാടാന്‍ അചഞ്ചലമായ പിന്തുണ നല്‍കിയതിന് സെലെന്‍സ്‌കി നന്ദി അറിയിച്ചു. ഒപ്പം, അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കുന്നതില്‍ അമേരിക്കയുടെ പങ്ക് സുപ്രധാനമാണെന്നും സെലെന്‍സ്‌കി പറഞ്ഞു. കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ അപകടത്തില്‍ അനുശോചനവും അറിയിച്ചു.
Read Also: 5 വർഷമായി ലിവിംഗ് ടുഗെദർ, വിവാഹം കഴിക്കണമെന്ന നിർബന്ധം: യുവതിയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചു: യുവാവ് പിടിയിൽ
2024 ഡിസംബറില്‍ 6 ബില്യണ്‍ ഡോളര്‍ പുതിയ സൈനിക, ബജറ്റ് സഹായം ബൈഡന്‍ ഭരണകൂടം യുക്രെയ്‌ന് വേണ്ടി പ്രഖ്യാപിച്ചിരുന്നു. റഷ്യയുടെ ഊര്‍ജ മേഖലയെ ലക്ഷ്യമിട്ടുള്ള പുതിയ ഉപരോധങ്ങളിലും ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. റഷ്യയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി യുക്രെയ്‌ന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ഫോണില്‍ ചര്‍ച്ച ചെയ്തു.
അതേ സമയം, ജനുവരി 15ന് അമേരിക്കന്‍ സമയം രാത്രി 8 മണിക്ക് ബൈഡന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുന്‍പാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിടവാങ്ങല്‍ പ്രസംഗം. ജനുവരി 20ന് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കും. അമേരിക്കയുടെ ഭാവിയെ കുറിച്ചുള്ള സന്ദേശം ബൈഡന്റെ വിടവാങ്ങല്‍ പ്രസംഗത്തിലുണ്ടാവുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം ബൈഡന്‍ ഭരണകാലയളവിലെ അഭിമാനകരമായ നേട്ടങ്ങളും പരാമര്‍ശിക്കും.