വാഷിംഗ്ടണ്‍ ഡിസി: യുഎസിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങി ടിക് ടോക്. തിങ്കളാഴ്ച പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതോടെ യുഎസില്‍ എല്ലാ സമൂഹ മാധ്യമങ്ങളുടെയും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന ട്രംപിന്റെ ഉറപ്പിലാണിത്. യുഎസിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോരുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ജോ ബൈഡന്‍ സര്‍ക്കാര്‍ രാജ്യ സുരക്ഷ മുന്‍നിര്‍ത്തി ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ താന്‍ ചുമതലയേറ്റത്തിന് ശേഷം ടിക് ടോക് നിര്‍ത്തലാക്കുന്നതിനുവേണ്ടിയുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത് 90 ദിവസത്തേക്ക് മാറ്റിവെക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അതിനുള്ളില്‍ രാജ്യ സുരക്ഷക്കുവേണ്ടി ഒരു കരാര്‍ ഉണ്ടാക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.
ടിക് ടോക് തിരിച്ചു പിടിക്കാനായി ബൈറ്റ്ഡാന്‍സ് കമ്പനിയുടെ 50 ശതമാനം ഉടമസ്ഥതാവകാശം വാങ്ങാന്‍ യുഎസ് താല്പര്യപെടുന്നു. അതിലൂടെ ടിക് ടോക്കിനെ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നും റാലിയില്‍ പങ്കെടുക്കുന്നതിനിടയില്‍ ട്രംപ് അറിയിച്ചു.
ആദ്യം പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ട്രംപിന്റെ അഭിപ്രായങ്ങള്‍. 2020ല്‍ ട്രംപ് പറഞ്ഞിരുന്നത് ടിക് ടോക് നിരോധിക്കണമെന്നും ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് സ്ഥാപനം അവരുടെ സര്‍ക്കാരിന് യുഎസ് ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നുമെന്നാണ്. എന്നാല്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ യുവജനങ്ങളുടെ പ്രീതിക്കായി താന്‍ ടിക് ടോക്കിനെ ഇഷ്ടപെടുന്നുവെന്നും അതിന് തന്റെ ഹൃദയത്തിലൊരിടമുണ്ടെന്നും അഭിപ്രായം മാറ്റി പറയുകയായിരുന്നു.
2020 ഓഗസ്റ്റില്‍, 90 ദിവസത്തിനുള്ളില്‍ ടിക് ടോക് വില്‍ക്കണമെന്ന് ബൈറ്റ് ഡാന്‍സിന് ട്രംപ് ഉത്തരവും നല്‍കി. എന്നാല്‍ അത് ഇല്ലാതാക്കികൊണ്ട് മറ്റൊരു പാര്‍ട്ണര്‍ഷിപ് ആരംഭിക്കുകയായിരുന്നു.
അതേസമയം തങ്ങളുടെ 170 മില്ല്യണ്‍ അമേരിക്കക്കാര്‍ക്കും 7 മില്യണ്‍ ചെറുകിട സംരംഭകര്‍ക്കും പിഴകള്‍ ഒന്നും കൂടാതെ തന്നെ സേവനങ്ങള്‍ പുന:സ്ഥാപിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വ്യക്തതയും ഉറപ്പും നല്‍കിയതിനും ടിക് ടോക് ഉടമയായ ബൈറ്റ്ഡാന്‍സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ചു. ട്രംപിന്റെ പരിശ്രമം കൊണ്ടാണ് ഇതിന് സാധിച്ചത്. ഭേദഗതിക്കും ഏകപക്ഷിയ സെന്‍സര്‍ഷിപ്പിനുമെതിരെയുള്ള ശക്തമായ നിലപാടാണിത്. യുഎസില്‍ ദീര്‍ഘകാല ടിക് ടോക് നിലനില്‍പ്പിനായി ട്രംപുമായി പ്രവര്‍ത്തിക്കുമെന്നും ബൈറ്റ് ഡാന്‍സ് സമൂഹ മാധ്യമ പോസ്റ്റില്‍ പറഞ്ഞു.