സ്ഥാനാരോഹണ ചടങ്ങിന് ശേഷം വാളുകൊണ്ട് കേക്ക് മുറിച്ച് ട്രംപ്



വാഷിങ്ടണ്‍: തിങ്കളാഴ്ച രാത്രി അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം സായുധ സേനാ അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ ഡോണള്‍ഡ് ട്രംപ് ചുവടുവെയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. അമേരിക്കന്‍ സൈന്യത്തിന്റെ തീം അടിസ്ഥാനമാക്കി തയ്യാറാക്കിയ കേക്ക് മുറിച്ചുകൊണ്ടാണ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. അധികാരമേറ്റെടുത്ത ദിവസം ട്രംപ് പങ്കെടുത്ത മൂന്ന് പ്രധാന ചടങ്ങുകളിലൊന്നായിരുന്നു സായുധ സേനാ പ്രതിനിധികള്‍ക്ക് മുന്നിലുള്ള ഈ അഭിസംബോധന.

Read Also: കേരളത്തിലേയ്ക്ക് ബംഗ്ലാദേശികളുടെ ഒഴുക്ക്; രേഖകളില്ലാത്ത മൂന്ന് ബംഗ്ലാദേശികളെ പൊലീസ് പിടികൂടി

ആചാരപരമായി വാള്‍ കൊണ്ടാണ് ട്രംപും വൈസ് പ്രസിഡന്റും വാഷിങ്ടണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കേക്ക് മുറിച്ചത്. തുടര്‍ന്നായിരുന്നു വേദിയില്‍ മെലാനിയയ്‌ക്കൊപ്പമുള്ള ചുവടുവെയ്പ്പ്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഭാര്യ ഉഷ വാന്‍സും ഒപ്പം ചേര്‍ന്നു. പിന്നാലെ സൈനിക തലവന്മാരും അവരുടെ കുടുംബാംഗങ്ങളും ഒപ്പം ചേര്‍ന്നു. രണ്ടാമതും അമേരിക്കയുടെ അധികാരം ഏറ്റെടുക്കുന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. അമേരിക്കന്‍ സൈന്യത്തെ ശക്തിപ്പെടുത്താനുള്ള തന്റെ പ്രതിജ്ഞാബദ്ധതയും ട്രംപ് ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ പ്രസിഡന്റായിരുന്ന സമയത്ത് രൂപം നല്‍കിയ സ്‌പേസ് ഫോഴ്‌സിനെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കാനും മറന്നില്ല.

ഒരിക്കലല്ല, രണ്ട് തവണ അമേരിക്കന്‍ സൈന്യത്തിന്റെ സര്‍വ സൈന്യാധിപനാകാന്‍ കഴിഞ്ഞതിലും വലിയ അഭിമാനം തന്റെ ജീവിതത്തില്‍ വേറെയില്ലെന്ന് ട്രംപ് പറഞ്ഞു. സൈന്യവുമായുള്ള തന്റെ അടുത്ത ബന്ധം കൂടിയാണ് തനിക്ക് തെരഞ്ഞെടുപ്പ് വിജയത്തിന് കളമൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.