ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നു, സാമ്പത്തിക സഹായം നല്‍കില്ല: ഉത്തരവുകളില്‍ ഒപ്പുവെച്ച് ട്രംപ്


വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറും. സംഘടനയ്ക്ക് ഇനി മുതല്‍ സാമ്പത്തിക സഹായം നല്‍കില്ല. കോവിഡിനെയും മറ്റു ആരോഗ്യ പ്രതിസന്ധികളെയും ലോകാരോഗ്യസംഘടന തെറ്റായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരിസ് കരാറില്‍നിന്നും അമേരിക്ക പിന്മാറും. സ്ത്രീ, പുരുഷന്‍ എന്നീ രണ്ട് ലിംഗങ്ങളെ മാത്രമേ യുഎസ് സര്‍ക്കാര്‍ അംഗീകരിക്കൂവെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ രേഖയ്ക്ക് പുറത്താകും.

2021ല്‍ ട്രംപിന് വേണ്ടി കലാപം ഉണ്ടാക്കിയ 1600 പേര്‍ക്ക് മാപ്പ് നല്‍കി. ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാന്‍ നീതിന്യായ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെക്സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനല്‍ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു. യുഎസില്‍ ജനിച്ച ആര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.