വിവിധ ഉത്സവങ്ങളെ വരവേൽക്കാനൊരുങ്ങി വാഹന വിപണി, റെക്കോർഡ് വിൽപ്പന ലക്ഷ്യമിട്ട് നിർമ്മാതാക്കൾ

രാജ്യത്തുടനീളം വരാനിരിക്കുന്ന ഉത്സവങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ് വാഹന വിപണി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് മാസത്തിൽ വാഹന വിൽപ്പന വലിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്. ഹോളി, ഉഗാദി, ഗുഡി, പദ്വ, നവരാത്രി തുടങ്ങിയ ഉത്സവങ്ങളെയാണ് വാഹന വിപണി ലക്ഷ്യമിടുന്നത്. ഉത്സവങ്ങൾക്ക് പുറമേ, സാമ്പത്തിക വർഷത്തിന്റെ അവസാന മാസം കൂടി ആയതിനാൽ വിൽപ്പന ഉയരാൻ സാധ്യതയുണ്ട്.

2023 ഏപ്രിൽ മുതൽ ഓൺ ബോർഡ് ഡയഗ്നോസ്റ്റിക്സ് മാനദണ്ഡങ്ങളിൽ വലിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. കൂടാതെ, ഏപ്രിൽ മുതൽ വാഹനങ്ങളുടെ വിലയിലും വർദ്ധനവ് ഉണ്ടായേക്കും. ഇത് കണക്കിലെടുക്കുമ്പോൾ കൂടുതൽ ആളുകളും മാർച്ചിൽ തന്നെ വാഹനം വാങ്ങാനാണ് സാധ്യത. അതേസമയം, ഫെബ്രുവരിയിൽ പാസഞ്ചർ വാഹന വിൽപ്പന 11 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, ഫെബ്രുവരിയിലെ മൊത്തം വാഹന വിൽപ്പന 2,87,182 യൂണിറ്റിൽ എത്തി.