കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപടി കടുപ്പിച്ച് ചൈന. റിപ്പോർട്ടുകൾ പ്രകാരം, കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിനും, ഇന്റർനെറ്റ് ഉപയോഗത്തിനുമാണ് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ചൈനീസ് സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കി. പുതിയ നിയമം അനുസരിച്ച്, 18 വയസ് വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി 2 മണിക്കൂർ മാത്രമാണ് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ. അതേസമയം, 8 വയസ് വരെയുള്ള കുട്ടികൾക്ക് 40 മിനിറ്റ് മാത്രമാണ് സ്മാർട്ട്ഫോൺ ഉപയോഗിക്കാനുള്ള അനുമതി.
18 വയസ് വരെയുള്ള കുട്ടികൾക്ക് രാത്രി 10.00 മണി മുതൽ രാവിലെ 6.00 മണി വരെ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുകയില്ല. ഈ സമയങ്ങളിൽ കുട്ടികളുടെ ഫോണിൽ ഇന്റർനെറ്റ് സേവനം തടസപ്പെടുത്തുന്ന മൈനർ മോഡ് പ്രോഗ്രാം ഉൾപ്പെടുത്തുന്നതാണ്. നിയമം പ്രാബല്യത്തിലാക്കുന്നതിനോട് അനുബന്ധിച്ച്, ജനങ്ങളിൽ നിന്ന് അഭിപ്രായം തേടാൻ ചൈനീസ് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായം അനുകൂലമാണെങ്കിൽ, സെപ്റ്റംബർ 2 മുതൽ നിയമം പ്രാബല്യത്തിലാകും. 4 വർഷം മുൻപ് കുട്ടികൾ ഗെയിം കളിക്കുന്നതിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.