സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കാത്തിരുന്നത് മണിക്കൂറുകൾ


യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ചയ്ക്ക് മുമ്പ് കാത്തിരുത്തിയത് മണിക്കൂറുകള്‍. നിശ്ചയിച്ച സമയം കൂടിക്കാഴ്ച നടത്താന്‍ കഴിയാത്തതിനാല്‍ പിറ്റേ ദിവസമാണ് ഇരുവരും കണ്ടതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹമാസിനെതിരേ പിന്തുണ നേടുന്നതിനാണ് മുഹമ്മദ് ബിന്‍ സല്‍മാനുമായി ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തിയത്.
സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് ബ്ലിങ്കന്‍ പറഞ്ഞു. എന്നാല്‍, യുദ്ധം ‘വിപുലീകരിക്കുന്നത്’ സംബന്ധിച്ച് ചില വ്യത്യസ്തമായ നിലപാടുകളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ ഇസ്രായേല്‍ ഉപരോധം നീക്കുന്നതുള്‍പ്പെടെ അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎസ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതായി സൗദി അറേബ്യന്‍ വാര്‍ത്താ ഏജന്‍സി എസ്പിഎ അറിയിച്ചു.

പ്രാദേശിക നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി പ്രതിസന്ധി ലഘൂകരിക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള സൗദി അറേബ്യയുടെ നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും മുഹമ്മദ് ബിന്‍ സല്‍മാന്‍ ബ്ലിങ്കനെ അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി നടത്തിയ ചര്‍ച്ചകളും ഇതില്‍ ഉള്‍പ്പെടുന്നു.

Also read: ഇനി പ്രസിഡൻ്റ് ആയാൽ ഹമാസിനെ പിന്തുണയ്ക്കുന്നവരെ അമേരിക്കയിൽ കയറ്റില്ല: ഡൊണാള്‍ഡ് ട്രംപ്

പലസ്തീനികള്‍ അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കുകയും നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഹമാസില്‍ നിന്നുള്ള ഈ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്നും ഇത് ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ”ഈ സംഘര്‍ഷം പടരാതിരിക്കാന്‍ ഞാന്‍ പോയ എല്ലാ രാജ്യങ്ങളും തീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും ” ബ്ലിങ്കന്‍ പറഞ്ഞു.

ഇസ്രായേലില്‍ ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യല്‍ മേഖലയില്‍ ആന്റണി ബ്ലിങ്കണ്‍ സന്ദര്‍ശനം നടത്തി വരികയാണ്. ഇസ്രയേലിന്റെ സുരക്ഷ സംബന്ധിച്ച് അമേരിക്കയ്ക്കുള്ള പ്രതിബദ്ധതയാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയെ അദ്ദേഹം കാണുകയും ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള റാഫ അതിര്‍ത്തി തുറക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.

ഇസ്രായേലിന്റെ നിയന്ത്രണത്തിലല്ലാത്തതിനാല്‍ ഗാസക്കാര്‍ക്ക് നഗരത്തിലേക്ക് സഹായം എത്തിക്കാന്‍ കഴിയുന്ന ഒരേയൊരു അതിര്‍ത്തി റാഫയാണ്. ഇസ്രായേല്‍ ഗാസയുമായുള്ള രണ്ട് അതിര്‍ത്തികള്‍ അടച്ചതോടെ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയ അവസ്ഥയാണ് നിലവിലുള്ളത്. ഇസ്രയേലിനോട് വാഷിംഗ്ടണിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒക്ടോബര്‍ 18 ന് അവിടേക്ക് പോകും.പലസ്തീന്‍ അതോറിറ്റി മേധാവിയും പലസ്തീന്‍ പ്രസിഡന്റുമായ മഹ്‌മൂദ് അബ്ബാസ്, ഈജിപ്ഷ്യന്‍ ഭരണാധികാരി സിസി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈന്‍ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.