വിയ്യൂർ ജയിലിൽ കൊടിസുനിയും സംഘവും ജീവനക്കാരെ ആക്രമിച്ചു; അഞ്ച് പേർക്ക് പരിക്ക്


തൃശൂര്‍: വിയ്യൂര്‍ സെൻട്രൽ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിൽ തടവുകാർ ജീവനക്കാരെ ആക്രമിച്ചു. ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ കൊടി സുനി ഉൾപ്പടെയുള്ള തടവുകാരാണ് ജയില്‍ ജീവനക്കാരെ ആക്രമിച്ചത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ നാല് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു. ഒരു തടവുകാരനും പരിക്കേറ്റു.

അസി. പ്രിസണ്‍ ഓഫീസര്‍ അര്‍ജുൻദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, പ്രിസണ്‍ ഓഫീസര്‍ വിജയകുമാര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അർജുൻദാസിന്‍റെ തോളെല്ലിന് പൊട്ടലുണ്ട്. ഒരു തടവുകാരനും ആക്രമണത്തില്‍ പരിക്കേറ്റു. അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥരുടെ ജയില്‍ സന്ദര്‍ശനത്തിനിടെ രണ്ട് തടവുകാര്‍ മട്ടൻ കൂടുതല്‍ അളവില്‍ വേണമെന്ന് ആവശ്യപ്പെട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചത്. എന്നാൽ അനുവദനീയമായ അളവിൽ കൂടുതൽ മട്ടൻ നൽകാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെയാണ് സംഘർഷം തുടങ്ങിയത്. ഷേവ് ചെയ്യാൻ ബ്ലേഡ് വേണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം തടവുകാർ ബഹളംവെച്ചെങ്കിലും, ജയിൽ നിയമപ്രകാരം ഇത് അനുവദിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതോടെ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ തുടങ്ങി. ഒരു തടവുകാരൻ കുപ്പി ഗ്ലാസ് പൊട്ടിച്ച്‌ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അര്‍ജുൻദാസിന്റെ കഴുത്തില്‍ കുത്താൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് തടവുകാര്‍ സംഘം ചേര്‍ന്ന് അടുക്കളയില്‍ പോയി പാചകത്തില്‍ സഹായിച്ചിരുന്ന തടവുകാരനെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു.

തുടർന്ന് തടവുകാർക്ക് വീട്ടിലേക്ക് വിളിക്കാൻ ഉപയോഗിക്കുന്ന ടെലഫോൺ തറയിൽ എറിഞ്ഞു തകർത്തു. കസേര, ക്‌ളോക്ക്, ഫയലുകള്‍, ഇന്‍റർ കോം ഉള്‍പ്പെടെ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു. ഇതോടെ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജയിലിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും കൊടിസുനിയും സംഘവും തിരിച്ചുകയറാൻ തയ്യാറായില്ല. ഇതോടെ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെയാണ് തടവുകാരെ സെല്ലിൽ കയറ്റിയത്. അക്രമത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു.