ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഹമാസ് തീവ്രവാദികൾ ജര്‍മന്‍ യുവതിയുടെ മൃതദേഹം നഗ്നമാക്കി പരേഡ് നടത്തി. യുവതിയുടെ നഗ്നമൃതദേഹം പിക്കപ്പ് ട്രക്കില്‍ പരേഡ് നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു
ഷാനി ലൂക്ക് എന്ന ജര്‍മന്‍ യുവതിയാണിതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പറഞ്ഞു. ഇരയുടെ കാലില്‍ പതിച്ച ടാറ്റൂവാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, ലൂക്കിന്റെ അമ്മ തന്റെ 30 വയസ്സുള്ള മകള്‍ ജര്‍മന്‍ സ്വദേശിയാണെന്നും അവള്‍ ഇസ്രയേലിലെ ഒരു വിനോദസഞ്ചാര ഗ്രൂപ്പിനൊപ്പം പോയിരുന്നുവെന്നും പറഞ്ഞു. വീഡിയോ താന്‍ കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച അമ്മ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
Also read-ഇസ്രായേലി പെണ്‍കുട്ടിയെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മുന്നിലിട്ട് കൊന്ന് ഹമാസ്
ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാൻ ഇസ്രായേലിൽ എത്തിയതായിരുന്നു ഷാനി എന്നാണ് വിവരം. ഒരു സമാധാന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ 25-കാരിയായ യുവതിയെ ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഹമാസ് തീവ്രവാദിയുടെ മോട്ടോര്‍ സൈക്കിളില്‍ ഇരുന്നുകൊണ്ട് നോവ അഗര്‍മണി എന്ന ഈ യുവതി ജീവനുവേണ്ടി കേഴുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. നോവയുടെ ആണ്‍സുഹൃത്ത് അവി നാഥനെ ഹമാസ് തീവ്രവാദികൾ മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം.
ഇരുവരും ഇവിടെ ഒരു സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശനിയാഴ്ച അപ്രതീക്ഷിതമായാണ് പലസ്തീന്‍ ഭീകരവാദ സംഘടനയായ ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ നിരവധി കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹമാസിന് അതിശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെതിരേയുള്ള ക്രൂരവും അധാര്‍മികവുമായ യുദ്ധമെന്നാണ് ഹമാസിന്റെ ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇസ്രയേല്‍ സേനയും നൂറുകണക്കിന് ഹമാസ് ഭീകരരും 20-ല്‍ പരം ഇടങ്ങളില്‍ ശനിയാഴ്ച രാത്രി ഏറ്റുമുട്ടിയിരുന്നു.
ഹമാസ് പോരാളികൾ വീടുകളിലേക്ക് ഇരച്ചുകയറിയതായും തങ്ങളുടെ പൗരന്മാരെ കൂട്ടക്കൊല ചെയ്തതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഇസ്രയേലിലെ 1000-ല്‍ പരം ആളുകള്‍ക്ക് വെടിയേല്‍ക്കുകയും 3000-ല്‍ അധികം പേര്‍ക്ക് റോക്കറ്റാക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
”ഇസ്രയേലില്‍ നടന്നത് അപൂര്‍വമായ ഒരു കാര്യമാണ്. അത് വീണ്ടും സംഭവിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. ഹമാസിനെ നേരിടുന്നതിന് ഇസ്രയേല്‍ സൈന്യം ഉടന്‍ തന്നെ മുഴുവൻ ശക്തിയും പ്രയോഗിക്കും. ഞങ്ങള്‍ അവരെ നശിപ്പിക്കും. ഹമാസ് ഇസ്രയേലിനും പൗരന്മാര്‍ക്കും മേല്‍ അടിച്ചേല്‍പ്പിച്ച ഈ ഇരുണ്ട ദിനത്തിന് ശക്തമായി പ്രതികാരം ചെയ്യും,” ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
വെസ്റ്റ് ബാങ്ക്, ഗാസയുടെ അതിര്‍ത്തിപ്രദേശം, ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങള്‍ എന്നിവടങ്ങളിൽ ഏറെക്കാലമായി നിലനിന്നിരുന്ന ആക്രമണങ്ങളാണ് ഇപ്പോള്‍ വലിയ സംഘര്‍ഷമായി മാറിയിരിക്കുന്നത്. പലപ്പോഴും ഹമാസും ഇസ്രയേല്‍ സൈന്യവും തമ്മില്‍ രൂക്ഷമായ സംഘര്‍ഷമുണ്ടായിരുന്നു. മേയ് മാസത്തിലുണ്ടായ സംഘര്‍ഷത്തില്‍ 34 പലസ്തീന്‍ സ്വദേശികളും ഒരു ഇസ്രയേല്‍ പൗരനും കൊല്ലപ്പെട്ടിരുന്നു.