തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ വാട്സ്ആപ്പ് സുരക്ഷിതമാക്കാം! ഈ 8 ഫീച്ചറുകളെ കുറിച്ച് നിർബന്ധമായും അറിയൂ..


വിവിധ ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ വാട്സ്ആപ്പ് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പലതരത്തിലുള്ള തട്ടിപ്പുകളും നടക്കാറുണ്ട്. ആളുകളുടെ ഉപയോഗം വർദ്ധിച്ചതോടെയാണ് വാട്സ്ആപ്പുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളും വലിയ തോതിൽ ഉയർന്നത്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താൻ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത് വാട്സ്ആപ്പിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. എന്നാൽ, പലപ്പോഴും സുരക്ഷ വർദ്ധിപ്പിക്കുന്ന ഫീച്ചറുകളെ കുറിച്ച് ഉപഭോക്താക്കൾ ബോധവാന്മാരല്ല. വാട്സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ താഴെക്കൊടുത്തിരിക്കുന്ന ഫീച്ചറുകൾ എനേബിൾ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

സ്ക്രീൻ ലോക്ക് സെറ്റിംഗ്സ്

സ്ക്രീൻ ലോക്ക് ഫീച്ചർ എനേബിൾ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. അംഗീകൃത ഉപഭോക്താക്കൾ മാത്രമാണ് ഫോണിലെ വാട്സ്ആപ്പിൽ കയറുന്നതെന്ന് അതിലൂടെ ഉറപ്പുവരുത്താൻ സാധിക്കും.

ടു ഫാക്ടർ ഓതെന്റികേഷൻ

വാട്സ്ആപ്പിൽ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറുകൾ ഒന്നാണിത്. അക്കൗണ്ട് വെരിഫിക്കേഷന് സമാനതകളില്ലാതെ കോഡ് ഉപയോഗിക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ അനധികൃതമായി മറ്റാരെങ്കിലും വാട്സ്ആപ്പ് തുറക്കുന്നത് തടയുന്നു.

അജ്ഞാത നമ്പറുകൾ സൈലൻസ് ചെയ്ത് വയ്ക്കാൻ കഴിയുന്ന ഫീച്ചർ

അറിയാത്ത നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ സൈലന്റ് ചെയ്ത് വയ്ക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഇത് അറിയാത്ത നമ്പറുകളിൽ നിന്നുള്ള വോയിസ്, വീഡിയോ കോളിൽ റിംഗ് ചെയ്യുന്നത് തടയാൻ സഹായിക്കുന്നു.

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ എനേബിൾ ആണെന്ന് ഉറപ്പുവരുത്തുക. മെസേജുകളിലും കോളുകളിലും പങ്കുവെക്കുന്ന മീഡിയ ഫയലുകളിൽ, തേർഡ് പാർട്ടി നുഴഞ്ഞു കയറുന്നത് തടയാൻ ഈ ഫീച്ചർ സഹായിക്കുന്നു.

പ്രൊഫൈൽ ഫോട്ടോ പ്രൈവസി

പ്രൊഫൈൽ ഫോട്ടോയുടെ പ്രൈവസി സെറ്റിംഗ്സിൽ കയറി, പ്രൊഫൈൽ ഫോട്ടോ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാവുന്നതാണ്.

റീഡ് റെസീറ്റ്സ്

റീഡ് റെസീറ്റ്സ് ഓണാക്കുകയോ ഓഫ് ചെയ്തു വയ്ക്കുകയോ ചെയ്യാം. സ്വകാര്യത സംരക്ഷണവുമായി ബന്ധപ്പെട്ട മറ്റൊരു ഫീച്ചറാണിത്. ഇതുവഴി മറ്റുള്ളവർ അയച്ച സന്ദേശം ഉപഭോക്താവ് കണ്ടിട്ടുണ്ടോ എന്ന കാര്യം മറ്റുള്ളവരെ അറിയിക്കുന്നതിൽ നിന്ന് തടയാൻ സാധിക്കും.

ലാസ്റ്റ് സീൻ പ്രൈവസി

റീഡ് റെസീറ്റ്സ് പോലെ വാട്സ്ആപ്പിൽ അവസാനം കയറിയ സമയം മറ്റുള്ളവരെ അറിയിക്കുന്നത് തടയാൻ സഹായിക്കുന്ന ഫീച്ചറാണിത്.

ഡിസപിയറിംഗ് മെസേജ്

ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ചാറ്റുകളിലെ മെസേജുകൾ അപ്രത്യക്ഷമാകാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. കൂടുതൽ സ്വകാര്യത ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.