കണ്ണൂരിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസ്! ബിസിനസ് വിപുലീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്


കണ്ണൂർ: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം. നിലവിൽ, കേരളത്തിൽ നിന്ന് യുഎഇയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. ഈ സർവീസുകൾക്ക് മികച്ച സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്. യുഎഇയ്ക്ക് പുറമേ, ഖത്തർ, സൗദി അറേബ്യ, ബഹ്റിൻ എന്നിവിടങ്ങളിലേക്കാണ് സർവീസ് വ്യാപിപ്പിക്കുന്നത്. എയർ ഇന്ത്യയുടെ ബജറ്റ് എയർലൈൻ വിഭാഗമാണ് എയർ ഇന്ത്യ എക്സ്പ്രസ്.

ദുബായിലേക്ക് മാത്രം ആഴ്ചയിൽ 80 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. കൂടാതെ, ഷാർജയിലേക്ക് 77, അബുദാബിയിലേക്ക് 31, റാസ് അൽ ഖൈമയിലേക്ക് 5, അൽ ഐനിലേക്ക് 2 എന്നിങ്ങനെയും സർവീസ് നടത്തുന്നുണ്ട്. കേരളത്തിന് പുറമേ, ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ നിന്നും ഗൾഫ് മേഖലയെ ബന്ധിപ്പിക്കുന്ന സർവീസുകളുടെ എണ്ണം ഉയർത്താനുള്ള പദ്ധതിയും എയർ ഇന്ത്യയുടെ പരിഗണനയിലുണ്ട്. സർവീസുകളുടെ എണ്ണം കൂട്ടുന്നതിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കും, തിരിച്ചുമുള്ള യാത്ര കൂടുതൽ എളുപ്പമാകുന്നതാണ്.