ഗാസ യുദ്ധത്തിനിടെ യെമനിലെ ഹൂതികൾ ഇസ്രായേലിനെ ആക്രമിക്കുന്നതെന്തിന്? ഹൂതികൾ ഉയർത്തുന്ന ഭീഷണിയെന്ത്?


ഇസ്രയേലിനെതിരേ യുദ്ധം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ബുധനാഴ്ച യെമനിലെ ഹൂതി പ്രസ്ഥാനത്തിന് നേരെ യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. ഇത് പ്രദേശിക ഏറ്റുമുട്ടലുണ്ടാക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ചെങ്കടലിലും ബാബ് അല്‍ മന്ദേബ് കടലിടുക്കിലും ഇസ്രായേല്‍ കപ്പലുകളെ ലക്ഷ്യമിട്ട് ഇസ്രയേലിനെതിരെ ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി കമാന്‍ഡര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. 4,300-ലധികം കുട്ടികള്‍ ഉള്‍പ്പെടെ 10,500-ലധികം പലസ്തീനികളെ വധിച്ച് ഇസ്രായേല്‍ ഗാസയെ ആക്രമിക്കുന്നത് തുടരുന്നതിനിടെയാണ് യെമനിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന, ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹൂതികളുടെ നടപടി.

വര്‍ഷങ്ങളായി, വടക്കന്‍ യെമന്‍ നിയന്ത്രിക്കുന്ന ഹൂതി വിമതര്‍ തങ്ങളുടെ ബഹുജന റാലികളില്‍ ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മുദ്രാവാക്യം വിളിക്കാറുണ്ട്. എന്നാല്‍ ഒക്ടോബര്‍ 7 ന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിക്കുന്നത് വരെ അവര്‍ അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലായിരുന്നു. ഈ ഷിയ മുസ്ലിം സേന തെക്കന്‍ ഇസ്രയേലിലേക്ക് കുറഞ്ഞത് ആറു ഡ്രോണുകളും മിസൈല്‍ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍, ഇവരുടെ ആക്രമണങ്ങളില്‍ കാര്യമായ നാശനഷ്ടമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

വടക്കന്‍ യെമനില്‍ നിന്ന് 1,600 കിലോമീറ്റര്‍ (960 മൈല്‍) ദൂരെയുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് തൊടുത്ത അവയില്‍ മിക്കവയും ഇസ്രായേലി വ്യോമ പ്രതിരോധത്താല്‍ തടയുകയായിരുന്നു.

ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തുന്നതെന്നും ‘ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നത്’ വരെ ഇത് തുടരുമെന്നും ഹൂതികള്‍ പറഞ്ഞു.ആക്രമണങ്ങളെക്കുറിച്ചും അവ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ചും പരിശോധിക്കാം:

സന പിടിച്ചെടുത്ത കലാപകാരികള്‍ ആരാണ്?

2014-ല്‍ യെമനിലെ വടക്കന്‍ പര്‍വ്വതമേഖലകളില്‍ നിന്ന് ഇറങ്ങിയ ഹൂതികള്‍ തലസ്ഥാനമായ സനയും രാജ്യത്തിന്റെ മധ്യമേഖലകളും പിടിച്ചെടുത്തു. വടക്കുപടിഞ്ഞാറന്‍ യെമനില്‍ മാത്രം കാണപ്പെടുന്ന ഷിയാ ഇസ്ലാമിന്റെ ഒരു ശാഖയായ ഷിയാ സായിദി വിശ്വാസമാണ് പിന്തുടരുന്നത്. യെമനിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്, എന്നാല്‍ സായിദികള്‍ വലിയ ന്യൂനപക്ഷമാണ്. യെമനിലെ ഭരണവര്‍ഗം പതിറ്റാണ്ടുകളായി പാര്‍ശ്വവല്‍ക്കരിച്ചതോടെയാണ് ഹൂതി പ്രസ്ഥാനത്തിന് ആക്കം കൂടിയത്. യെമനിലെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സൗദി അറേബ്യയും സഖ്യകക്ഷികളും ഒരു സൈനിക സഖ്യം രൂപവത്കരിച്ചു. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പ്രാദേശിക മത്സരത്തില്‍ യെമന്‍ മറ്റൊരു മുന്നണിയായി.

യുദ്ധം 150,000-ത്തിലധികം ആളുകളെ കൊല്ലുകയും ലോകത്തിലെ ഏറ്റവും മോശം മാനുഷിക ദുരന്തങ്ങളിലൊന്നായി മാറുകയും ചെയ്തു. ഹൂതി പ്രസ്ഥാനം കടുത്ത ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. കാലക്രമേണ, അത് അമേരിക്കന്‍ വിരുദ്ധ, സൗദി വിരുദ്ധ, ഇസ്രായേല്‍ വിരുദ്ധ മുന്നേറ്റങ്ങള്‍ ശക്തമാക്കി. ‘ദൈവമാണ് ഏറ്റവും വലിയവന്‍, അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം. യഹൂദരെ ശപിക്കൂ, ഇസ്ലാമിന് വിജയം” എന്നതാണ് ഹൂതികളുടെ ഔദ്യോഗിക മുദ്രാവാക്യം.

എന്തുകൊണ്ട് ഇസ്രയേലിനെ ആക്രമിക്കുന്നു?

ഇറാന്റെ പിന്തുണയുള്ള ഹമാസിനുള്ള പരസ്യ പിന്തുണയാണ് ഹൂതികളുടെ ആക്രമണങ്ങള്‍. മറ്റ് പ്രധാന അംഗങ്ങളായ ഹിസ്ബുള്ളയും യുദ്ധം ആരംഭിച്ചതുമുതല്‍ ഇസ്രായേലിനെതിരെ സ്ഥിരമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹിസ്ബുള്ളയുമായും ഹമാസുമായും ഗ്രൂപ്പിന്റെ നേതൃത്വം ആശയവിനിമയം നടത്തുന്നുണ്ടെന്നും എന്നാല്‍ ഇറാന്‍ സര്‍ക്കാരുമായിട്ടല്ലെന്നും രണ്ട് ഹൂതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അവരുടെ ‘അമേരിക്കക്ക് മരണം, ഇസ്രായേലിന് മരണം’ എന്ന മുദ്രാവാക്യം തിരഞ്ഞെടുപ്പ്, വോട്ട് എന്നിവ മുന്നില്‍ കണ്ടല്ലെന്നും അതൊരു ജീവിതവും പ്രത്യയശാസ്ത്ര സിദ്ധാന്തവുമാണെന്ന് യെമനിലെ ചാത്തം ഹൗസിലെ റിസര്‍ച്ച് ഫെല്ലോ ഫാരിയ അല്‍ മുസ്ലിമി പറഞ്ഞു.

സംഘര്‍ഷം രൂക്ഷമാകാന്‍ മറ്റ് വഴികളും കാണുന്നുണ്ട്. ചെങ്കടലിലെ ഇസ്രായേലി കപ്പലുകളെ തന്റെ സേന ലക്ഷ്യമിടുന്നതായി ചൊവ്വാഴ്ച ഗ്രൂപ്പിന്റെ പരമോന്നത നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂത്തി പറഞ്ഞിരുന്നു. ഹൂതി ആക്രമണങ്ങള്‍ സൗദി സര്‍ക്കാരുമായുള്ള അവരുടെ സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.

ഹൂതികളുടെ സൈനിക ശേഷി

2014 മുതല്‍ ഹൂതികളുടെ ആയുധശേഖരം വലുപ്പത്തിലും വൈവിധ്യത്തിലും വളര്‍ന്നു വരികയാണ്. ഇറാന്‍ ഇവര്‍ക്ക് ആയുധം നല്‍കിയതായി വിശകലന വിദഗ്ധരും പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗങ്ങളും ആരോപിക്കുന്നു. ടെഹ്റാന്‍ ഇത് നിഷേധിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, ഇറാനില്‍ നിന്ന് യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കുള്ള വഴികളില്‍ റൈഫിളുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും മിസൈല്‍ ഭാഗങ്ങളും നിറഞ്ഞ നിരവധി കപ്പലുകള്‍ യുഎസ് നാവിക സേന തടഞ്ഞിരുന്നു.

ഹൂതികളുടെ പക്കല്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും ചെറിയ ക്രൂയിസ് മിസൈലുകളും സൂയിസൈഡ് ഡ്രോണുകളും ഉണ്ടെന്ന് ആയുധ വിദഗ്ധര്‍ പറയുന്നു.
ഹമാസിനേക്കാളും ഹിസ്ബുള്ളയേക്കാളും തങ്ങളുടെ ആയുധശേഖരത്തെ കുറിച്ച് ഹൂതികള്‍ കൂടുതല്‍ തുറന്നു സംസാരിക്കാറുണ്ട്. സൈനിക പരേഡുകളില്‍ ‘ടോഫുന്‍’ പോലുള്ള പുതിയ ബാലിസ്റ്റിക് മിസൈലുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.

തെക്കന്‍ ഇസ്രായേലിന് നേരെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചതായി ഹൂതികള്‍ പറയുന്നു. ചെങ്കടലില്‍ നിന്നുള്ള ആക്രമണങ്ങളെ പരാജയപ്പെടുത്തുന്നതില്‍, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ആരോ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഇസ്രായേലും സമ്മതിച്ചിട്ടുണ്ട്.

ഇസ്രായേലി പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള ഒരേയൊരു മാര്‍ഗം വലിയ തോതിലുള്ള മിസൈലുകള്‍ ഉപയോഗിച്ച് അവയെ തകര്‍ക്കുക എന്നതാണെന്ന് മിസൈല്‍ വിദഗ്ധനും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിലെ റിസര്‍ച്ച് ഫെലോയുമായ ഫാബിയന്‍ ഹിന്‍സ് പറഞ്ഞു. ‘1,600 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യത്തില്‍ അത് ചെയ്യാന്‍ കഴിയില്ലെന്നും അടുത്ത ലക്ഷ്യങ്ങളിലേക്കുള്ള ആക്രമണവും കപ്പലുകളെ ഉന്നമിടുന്നതും കൂടുതല്‍ ഫലപ്രദമാകുമെന്നും ഫാബിയന്‍ പറഞ്ഞു.

2019 ല്‍, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉള്‍പ്പടെ വടക്കന്‍ യെമനില്‍ നിന്ന് ഏകദേശം 1,000 കിലോമീറ്റര്‍ (600 മൈല്‍) അകലെയുള്ള അബ്‌ഖൈക്കിലെ സൗദി അറേബ്യയുടെ എണ്ണ വ്യവസായ കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന്റെ ഫലമായി താല്‍ക്കാലികമായി രാജ്യത്തിന്റെ എണ്ണ ഉല്‍പ്പാദനം പകുതിയായി കുറയുകയും ആഗോള ഇന്ധന വില കുതിച്ചുയരുകയും ചെയ്തു. ഹൂതികള്‍ ആക്രമണത്തിന് അവകാശവാദം ഉന്നയിച്ചെങ്കിലും വിമതര്‍ നടത്തിയതാകാന്‍ കഴിയാത്തത്ര അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു അതെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇത് ഇറാനില്‍ നിന്നാണ് വിക്ഷേപിച്ചതെന്ന് വാഷിംഗ്ടണ്‍ പിന്നീട് അറിയിച്ചു.