വൻ തൊഴിലാളി സമരം; ബംഗ്ലാദേശിലെ 150ഓളം വസ്ത്രനിർമാണ ഫാക്ടറികൾ അടച്ചുപൂട്ടി; 11,000 തൊഴിലാളികൾക്കെതിരെ കേസ്
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള തൊഴിലാളികളുടെ സമരം ബംഗ്ലാദേശിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതിനോടകം 11,000 തൊഴിലാളികൾക്കെതിരെ പോലീസ് കേസെടുത്തു. കൂടാതെ ശനിയാഴ്ച 150 ഓളം വസ്ത്ര നിർമ്മാണ ഫാക്ടറികൾ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടുകയും ചെയ്തു. ബംഗ്ലാദേശിൽ 3,500 ഓളം വസ്ത്ര നിർമ്മാണ ഫാക്ടറികൾ ആണ് ഉള്ളത്. ഇവിടെ നിന്നാണ് ലെവി, സാറ, എച്ച് ആൻഡ് എം എന്നിവയുൾപ്പെടെ ലോകത്തിലെ പല പ്രമുഖ വസ്ത്ര ബ്രാൻഡുകൾക്കും വസ്ത്രങ്ങൾ വിതരണം ചെയ്യുന്നത്.
എന്നാൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന നാല് ദശലക്ഷം തൊഴിലാളികളുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. ഇവരിൽ ഭൂരിഭാഗം തൊഴിലാളികളും സ്ത്രീകളാണ്. ഇവർക്ക് പ്രതിമാസ ശമ്പളമായി നൽകുന്നത് 8,300 ടാക്ക (6246 രൂപ) ആണ്. അതേസമയം മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടുള്ള തൊഴിലാളികളുടെ പ്രതിഷേധം കഴിഞ്ഞ മാസമാണ് പൊട്ടിപുറപ്പെട്ടത്. ഈ പ്രതിഷേധത്തിൽ മൂന്ന് തൊഴിലാളികൾ കൊല്ലപ്പെടുകയും 70 ലധികം ഫാക്ടറികൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
Also read- ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ തുരങ്കവും ഹമാസിന്റെ ആയുധശേഖരവും കണ്ടെത്തിയെന്ന് ഇസ്രായേല്‍
കൂടാതെ സമരത്തെത്തുടർന്ന് തൊഴിലാളികളുടെ വേതനം സർക്കാർ 56.25 ശതമാനം വർദ്ധിപ്പിച്ചിരുന്നു (12,500 ടാക്ക ). എന്നാൽ ഇത് മതിയാകില്ലെന്നും മിനിമം വേതനം 23,000 ടാക്ക (17,395 രൂപ ) ആക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. അതേസമയം വ്യാഴാഴ്ച, 15,000 ത്തോളം തൊഴിലാളികൾ ഇതുമായി ബന്ധപ്പെട്ട് പോലീസുമായി ഏറ്റുമുട്ടുകയും ഒരു ഡസൻ ഫാക്ടറികൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇതിൽ മികച്ച വസ്ത്ര നിർമ്മാണ ഗ്രൂപ്പായ ടുസുകയും ഉൾപ്പെട്ടിരുന്നു.
അതേസമയം ടുസുക ഗാർമെന്റ് ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 11,000 ത്തോളം ആളുകൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ഇൻസ്പെക്ടർ മൊഷറഫ് ഹുസൈൻ വ്യക്തമാക്കി. കൂടാതെ ശനിയാഴ്ച പ്രവൃത്തി ദിവസം ആയിരുന്നിട്ടും കൂടുതൽ പണിമുടക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തലസ്ഥാനമായ ധാക്കയുടെ വടക്കുള്ള പ്രധാന വ്യാവസായിക നഗരങ്ങളായ അഷുലിയ, ഗാസിപൂർ എന്നിവിടങ്ങളിലെ 150 ഓളം ഫാക്ടറികൾ അടച്ചിട്ടതായും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also read-ഗാസ യുദ്ധത്തിനിടെ യെമനിലെ ഹൂതികൾ ഇസ്രായേലിനെ ആക്രമിക്കുന്നതെന്തിന്? ഹൂതികൾ ഉയർത്തുന്ന ഭീഷണിയെന്ത്?
ഇതിനുപുറമേ നിയമവിരുദ്ധ പണിമുടക്കുകൾ ചൂണ്ടിക്കാട്ടി അഷൂലിയയിലെ 130 ഓളം ഫാക്ടറികൾ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടുകയും ചെയ്തു. എന്നാൽ വലിയ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ അക്രമങ്ങൾക്കും ശേഷം ആയിരക്കണക്കിന് ആളുകൾക്കെതിരെ പേരുകൾ പോലും വെളിപ്പെടുത്താതെ ബംഗ്ലാദേശ് പോലീസ് അനാവശ്യമായി കുറ്റം ചുമത്തുന്നു എന്നുള്ള വിമർശനവും ഉയർന്നു വരുന്നുണ്ട്. അതേസമയം 2009 മുതൽ ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഈ പ്രതിഷേധം നിലവിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന വേളയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന വിഷയവും ഇതാകും എന്നാണ് സൂചന.