സാമ്പത്തിക കുറ്റവാളികൾക്ക് കൈവിലങ്ങ് വേണ്ട; പാർലമെന്ററി പാനൽ ശുപാർശ


സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ കസ്റ്റഡിയിലെടുത്ത ആളുകളെ കൈവിലങ്ങ് അണിയിക്കരുതെന്നും ബലാൽസം​ഗം, കൊലപാതകം തുടങ്ങി മറ്റ് ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെപ്പോലെ കണക്കാക്കരുത് എന്നും പാർലമെന്ററി പാനൽ ശുപാർശ. ബിജെപി എംപി ബ്രിജിലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ ശുപാർശ മുന്നോട്ടു വെച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ (Bharatiya Nagarik Suraksha Sanhita (BNSS)) ചില മാറ്റങ്ങൾ വേണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.

ഭാരതീയ ന്യായ സംഹിത (BNS-2023), ഭാരതീയ സാക്ഷ്യ അധീനിയം (BSA-2023) ബില്ലുകൾക്കൊപ്പം ഓഗസ്റ്റ് 11 നാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS-2023) ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. മൂന്നു നിയമങ്ങളും യഥാക്രമം 1898-ലെ ക്രിമിനൽ നടപടി നിയമം, 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമം, 1872-ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് ബദലാകാകുക എന്ന ഉദ്ദേശത്തോടെയാണ് കൊണ്ടുവന്നത്.

ഗുരുതരമായ കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന വ്യക്തികൾ രക്ഷപ്പെടുന്നത് തടയുന്നതിനും, അറസ്റ്റിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് വിലങ്ങ് അണിയിക്കുന്നത് എന്ന കാര്യവും പാർലമെന്ററി പാനൽ ചൂണ്ടിക്കാട്ടി. എന്നാൽ, ‘സാമ്പത്തിക കുറ്റകൃത്യങ്ങൾ’ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് സമിതിയുടെ നിലപാട്. കാരണം, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്ന ​ഗണത്തിൽ നിസാരമായതു മുതൽ മുതൽ ഗുരുതരമായതു വരെ കുറ്റകൃത്യങ്ങൾ ഉണ്ടാകാം. അതിനാൽ, ഈ വിഭാഗത്തിൽ പെടുന്ന എല്ലാ കേസുകളിലും കൈവിലങ്ങ് വേണ്ടതില്ല എന്നും പാനൽ പറഞ്ഞു. ‘സാമ്പത്തിക കുറ്റകൃത്യങ്ങൾ’ എന്ന വാക്ക് ഒഴിവാക്കാൻ ക്ലോസ് 43 (3) ഉചിതമായി ഭേദഗതി ചെയ്യാമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ ക്ലോസ് 43 (3) അനുസരിച്ച്, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ള കുറ്റവാളിയെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് ഉദ്യോഗസ്ഥന് കൈവിലങ്ങ് ഉപയോഗിക്കാം. സംഘടിത കുറ്റകൃത്യം, തീവ്രവാദ പ്രവർത്തനം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യം, ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃതമായി കൈവശം വയ്ക്കൽ, കൊലപാതകം, ബലാത്സംഗം, ആസിഡ് ആക്രമണം, കള്ളനോട്ടുകൾ കൈവശം വെയ്ക്കൽ, മനുഷ്യക്കടത്ത്, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ, ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ അല്ലെങ്കിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം ഇതിൽ പെടും.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ ക്ലോസ് 43 (3) ന്റെ വ്യാഖ്യാനത്തിൽ കൂടുതൽ വ്യക്തത നൽകുന്നതിന് അനുയോജ്യമായ ഒരു ഭേദഗതി കൊണ്ടുവരണമെന്നും പാർലമെന്റരി കമ്മിറ്റി ശുപാർശ ചെയ്തു. പാർലമെന്ററി സമിതിയുടെ റിപ്പോർട്ടുകൾ വെള്ളിയാഴ്ച രാജ്യസഭയുടെ മുൻപാകെ സമർപ്പിച്ചു.